മുംബൈ
ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ പഞ്ചാബ് കിങ്സിന്റെ രക്ഷകനായി. ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 27 പന്തിൽ 64 റൺ നേടി പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചു–-ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 189.ഏഴ് ഫോറും നാല് സിക്സറും പറത്തിയ ലിവിങ്സ്റ്റൺ 21 പന്തിലാണ് അർധസെഞ്ചുറി നേടിയത്. ഓപ്പണറായ ക്യാപ്റ്റൻ മായങ്ക് അഗർവാൾ (5) ഒരിക്കൽക്കൂടി പരാജയപ്പെട്ടു. പിന്നാലെയെത്തിയ ജോണി ബയർസ്റ്റോയും (8) തിളങ്ങിയില്ല. 35 റണ്ണെടുത്ത ധവാൻ പോയതോടെ ജിതേഷ് വർമയും (23) കൂട്ടായി.
തൊട്ടടുത്ത പന്തുകളിൽ ജിതേഷിനെയും ഒഡീൻ സ്മിത്തിനെയും (0) പുറത്താക്കി പേസർ ദർശൻ നാൽക്കണ്ടേ ഗുജറാത്തിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. പകരമെത്തിയ ഷാരൂഖ് ഖാൻ (15) രണ്ട് സിക്സറടിച്ച് തുടങ്ങി. എന്നാൽ, റഷീദ് ഖാന്റെ ഇരട്ടപ്രഹരം പഞ്ചാബിന്റെ കുതിപ്പ് തടഞ്ഞു. ലിവിങ്സ്റ്റൺ, ഷാരൂഖ് ഖാൻ, ധവാൻ എന്നിവരുടെ വിക്കറ്റെടുത്ത അഫ്ഗാൻ സ്പിന്നർ കളിയുടെ ഗതിമാറ്റി. അവസാന ഏഴ് വിക്കറ്റുകൾ വീണത് 65 റണ്ണിന്. അവസാന അഞ്ച് ഓവറിൽ നേടിയത് 37 റൺ. രാഹുൽ ചഹാറും (22) അർഷദീപ് സിങ്ങും (10) പുറത്താകാതെനിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]