ഇ കെ നായനാർ നഗർ (കണ്ണൂർ)
ജനകോടികളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് കരട് രാഷ്ട്രീയപ്രമേയം സിപിഐ എം 23–-ാം പാർടി കോൺഗ്രസ് അംഗീകരിച്ചു. രാജ്യത്തെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനവും പ്രക്ഷോഭവും സംഘടിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള 10 കടമ ഏറ്റെടുക്കണമെന്നും പ്രമേയം വ്യക്തമാക്കി. പ്രമേയം അംഗീകരിച്ചതോടെ അടുത്ത മൂന്നുവർഷത്തേക്കുള്ള സിപിഐ എം പ്രവർത്തനങ്ങൾക്കുള്ള രാഷ്ട്രീയ അടവുനയരേഖയ്ക്കാണ് രൂപമായത്.
ഫാസിസ്റ്റ് ശക്തിയായ ആർഎസ്എസിനാൽ നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കുന്നതിനുള്ള ബഹുമുഖമായ പ്രക്ഷോഭ–-പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വർഗ–-ബഹുജന സമരങ്ങളിലൂടെ പാർടിയുടെ രാഷ്ട്രീയ ഇടപെടൽശേഷി വർധിപ്പിച്ച് ബഹുജനസ്വാധീനം വിപുലപ്പെടുത്തും. കരട് രാഷ്ട്രീയപ്രമേയത്തിൽ നടന്ന ചർച്ചയിൽ 48 പ്രതിനിധികൾ പങ്കെടുത്തു. വെള്ളിയാഴ്ച കേരളത്തിൽനിന്ന് ടി എൻ സീമ, കെ കെ രാഗേഷ് എന്നിവരാണ് സംസാരിച്ചത്.
കരടുപ്രമേയത്തിന്മേൽ പ്രതിനിധികൾ 390 ഭേദഗതികൾ ഉന്നയിച്ചു. 12 പുതിയ നിർദേശങ്ങളും വന്നു. തുടർന്ന് പൊളിറ്റ്ബ്യൂറോ യോഗം ചേർന്ന് ഭേദഗതികളും നിർദേശങ്ങളും പരിശോധിച്ച് എട്ട് ഭേദഗതി അംഗീകരിച്ച് പ്രമേയത്തിന് അന്തിമരൂപം നൽകി. ജനറൽ സെക്രട്ടറി മറുപടി പറഞ്ഞശേഷം അവതരിപ്പിച്ച പ്രമേയം പാർടി കോൺഗ്രസ് അംഗീകരിച്ചു.
വെള്ളി ഉച്ചയ്ക്കുശേഷം പിബി അംഗം പ്രകാശ് കാരാട്ട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ശനി രാവിലെ 10ന് പൊതുചർച്ച തുടങ്ങും. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പാർടി കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഴുപതിറ്റാണ്ടിലേറെയായി ജന്മനാടിനായി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും അംഗീകരിച്ചു.
സെമിനാർ ഇന്ന്
‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ സെമിനാറിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശനിയാഴ്ച കണ്ണൂരിലെത്തും. കേന്ദ്രത്തിനെതിരായ കൂട്ടായ്മ ചർച്ചയാകുമെന്നതിനാൽ ദേശീയതലത്തിൽ ശ്രദ്ധേയമാകുകയാണ് സെമിനാർ. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ചർച്ചയാകുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ് വിലക്ക് തള്ളി എഐസിസി അംഗം കെ വി തോമസ് എത്തുന്നതും സെമിനാറിന്റെ പ്രാധാന്യം ഉയർത്തി. എ കെ ജി നഗറിൽ (കണ്ണൂർ ജവഹർ സ്റ്റേഡിയം) ശനി വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]