തിരുവനന്തപുരം
കൊച്ചി അമ്പലമുഗളിൽ സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ നിർമാണം തിങ്കളാഴ്ച തുടങ്ങും. ഫാക്ടിന്റെ ഭൂമി വാങ്ങി 1200 കോടി ചെലവിൽ 481.79 ഏക്കറിലാണ് പാർക്ക് സ്ഥാപിക്കുന്നത്. വ്യവസായവകുപ്പിനു കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിലാണ് പാർക്ക് ഒരുക്കുന്നത്. 2024 ഒക്ടോബറിൽ പദ്ധതി പൂർണ സജ്ജമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും 11,000 തൊഴിലവസരവുമുണ്ടാകും.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആങ്കർ ഇൻവെസ്റ്റർ ബിപിസിഎല്ലാണ്. പാർക്കിൽ ബിപിസിഎല്ലിന്റെ വികസനത്തിന് 170 ഏക്കർ കിൻഫ്ര അനുവദിച്ചിട്ടുണ്ട്. ബിപിസിഎൽ റിഫൈനറിയിലെ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് പാർക്കിൽ സൗകര്യമൊരുക്കും. നിലവിൽ 35 യൂണിറ്റിന് 70 ഏക്കർ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനം എന്നിവയും പാർക്കിൽ ഒരുക്കും. രണ്ടു ഘട്ടമായാണ് വികസനപ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിക്ക് പരിസഥിതിമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. പെട്രോ കെമിക്കൽ പാർക്ക് കേരളത്തിന്റെ വ്യാവസായികമേഖലയിൽ വലിയ ഉത്തേജനമാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]