ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങൾ നൽകാൻ സുപ്രീംകോടതി ഉത്തരവ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതി ഉടൻ പുനഃസംഘടിപ്പിക്കണം.
ഡാം സുരക്ഷാ അതോറിറ്റി പ്രാബല്യത്തിലാവുന്നതുവരെയാണ് മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം കൈമാറുന്നത്. അതുവരെ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് പുനഃസംഘടിപ്പിച്ച മേൽനോട്ട സമിതിയാണെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ മേൽനോട്ട സമിതിയുടെ നിർദേശം നടപ്പാക്കുന്നുണ്ടെന്ന് കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. വീഴ്ച ഉണ്ടായാൽ കോടതി തുടർനടപടി സ്വീകരിക്കും. സമിതിയിൽ ഉൾപ്പെടുത്തേണ്ട വിദഗ്ധരെ രണ്ടാഴ്ചയ്ക്കുള്ളിൽ ശുപാർശ ചെയ്യണം. ഡാം മാനേജ്മെന്റ്, റിസർവോയർ ഓപ്പറേഷൻ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ കാര്യങ്ങളിൽ അവഗാഹമുള്ളവരെയാണ് ഉൾപ്പെടുത്തേണ്ടത്. മെയ് 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഈ തീയതിക്കുമുമ്പ് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട കക്ഷികൾക്കോ മേൽനോട്ട സമിതിക്കോ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാൻ ചില അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം പരിശോധിച്ച് മേൽനോട്ട സമിതി തീരുമാനം എടുക്കണം.മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ച് കൂടുതൽ അധികാരം കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവിൽ, സമിതിയിൽ കേന്ദ്ര ജലകമീഷൻ പ്രതിനിധിക്കു പുറമെ കേരളത്തിനും തമിഴ്നാട്ടിനും ഓരോ പ്രതിനിധിയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]