കൊച്ചി/കോഴിക്കോട്
കേരള പ്രീമിയർ ലീഗ് (കെപിഎൽ) ഫുട്ബോൾ ഫൈനലിൽ നാളെ കൊച്ചി ഗോൾഡൻ ത്രെഡ്സ് എഫ്സിയും കെഎസ്ഇബിയും ഏറ്റുമുട്ടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ പകൽ മൂന്നരയ്ക്കാണ് കലാശപ്പോരാട്ടം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സെമിയിൽ ഗോൾഡൻ ത്രെഡ്സ് എഫ്സി ഒരു ഗോളിന് സാറ്റ് തിരൂരിനെ തോൽപ്പിച്ചു. കോഴിക്കോട് കോർപറേഷൻ ഗ്രൗണ്ടിൽ നടന്ന സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ ബാസ്കോ ഒതുക്കുങ്ങലിനെ 2-–-1നാണ് കെഎസ്ഇബി തോൽപ്പിച്ചത്. കെഎസ്ഇബിയുടെ തുടർച്ചയായ രണ്ടാം ഫൈനലാണ്.
ഐവറി കോസ്റ്റ് മിഡ്ഫീൽഡർ ഒത്തറാസി നേടിയ ഗോളാണ് ഗോൾഡൻ ത്രെഡ്സിന്റെ ആദ്യ ഫൈനലിന് വഴിയൊരുക്കിയത്. പന്തിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങൾ മുതലാക്കാൻ സാറ്റിനായില്ല. ഗോൾഡൻ ത്രെഡ്സ് ഗോളി സി എം മനോബിന്റെ പ്രകടനം നിർണായകമായി. സാറ്റിന്റെ കാമറൂൺ താരം ഹെർമനാണ് കളിയിലെ താരം. നാലാംതവണയാണ് സാറ്റ് തിരൂർ സെമിയിൽ തോൽക്കുന്നത്. പ്രതിരോധപൂട്ട് പൊളിച്ച് ഒത്തറാസി ബെെസിക്കിൾ കിക്കിലൂടെയാണ് വലകുലുക്കിയത്.
കഴിഞ്ഞ സീസണിൽ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടർച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്. എം വിഘ്നേഷിലൂടെ ലീഡ് നേടിയെങ്കിലും പി അജീഷിന്റെ പിഴവുഗോൾ കെഎസ്ഇബിക്ക് തിരിച്ചടിയായി. കളിഗതിക്ക് എതിരെയായിരുന്നു കെഎസ്ഇബിയുടെ ആദ്യ ഗോൾ. മിന്നൽ പ്രത്യാക്രമണം ബാസ്കോ പ്രതിരോധത്തെ തളർത്തി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചാണ് വിഘ്നേഷിന്റെ ഗോൾ. ഗോൾകീപ്പർ എസ് ഹജ്മലിന്റെ പിഴവിൽനിന്നായിരുന്നു ബാസ്കോയുടെ സമനില.
കളിതീരാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോൾ കിട്ടിയ പെനൽറ്റി നിജോ ഗിൽബർട്ട് ലക്ഷ്യത്തിലെത്തിച്ചു. ബാസ്കോയുടെ ജിപ്സൺ ജസ്റ്റസ് ബോക്സിൽ പന്ത് കൈകൊണ്ട് തട്ടിയതിന് വലിയ പിഴ. 2017ലെ ചാമ്പ്യൻമാരാണ് കെഎസ്ഇബി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]