ഹിജാബ്, ഹലാൽ പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന നിർദേശവും പ്രതിനിധികൾ മുന്നോട്ടുവച്ചു. കർഷകരുടെയും തൊഴിലാളികളുടെയും വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്തു നടന്ന മാതൃകയിലുള്ള പ്രക്ഷോഭങ്ങൾ ദേശീയ തലത്തിൽ വളർത്തിക്കൊണ്ടുവരണം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടം സംഘടിപ്പിക്കണം. പ്രത്യേകിച്ച് ദളിത്, സ്ത്രീ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, ഭൂരഹിതർ, താമസിക്കാൻ സ്വന്തമായി വീടില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കായി പ്രവർത്തിക്കണം. തൊഴിലില്ലായ്മയ്ക്കെതിരായ പ്രക്ഷോഭം ഉയർത്തണം. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ഏകോപിപ്പിച്ചുള്ള പോരാട്ടം നടത്തണം. സ്വതന്ത്ര ജുഡീഷ്യറിയെ തകർക്കുന്ന നിലപാടുകൾക്കെതിരെ അഭിഭാഷകരെയും സാമൂഹ്യപ്രവർത്തകരെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന നിർദേശവും ഉയർന്നുവന്നു.
പ്രതിനിധികൾ പ്രമേയത്തിൻമേൽ 390 ഭേദഗതി അവതരിപ്പിച്ചു. എട്ടെണ്ണം അംഗീകരിച്ചു. 12 നിർദേശവും നൽകി. പൊളിറ്റ് ബ്യൂറോ യോഗം ചേർന്ന് ഇവ ചർച്ച ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. പ്രമേയം സമ്മേളനം അംഗീകരിച്ചതോടെ പാർടിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള രാഷ്ട്രീയ അടവുനയം നിലവിൽവന്നു. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പാർടി കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഴ് പതിറ്റാണ്ടിലേറെയായി ജന്മനാടിനായി പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും അംഗീകരിച്ചു. വൈകിട്ട് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇതിൻമേലുള്ള ചർച്ച ശനിയാഴ്ച നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]