പവന് 40,000 രൂപയും കടന്ന് സ്വർണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയർന്നതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 40560 രൂപയായി. ഗ്രാമിന് 5070 രൂപയാണു വില.
റഷ്യ–യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 2056 ഡോളർ നിലവാരത്തിലെത്തി. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലുമുണ്ടായത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വൻകിട നിക്ഷേപകർക്ക്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള പ്രിയം വർധിക്കുകയാണ്. നിക്ഷേപകർ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് ആഗോള തലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നതാണു വില കൂടാൻ കാരണമാകുന്നത്.
2020 ഓഗസ്റ്റ് 7 നാണ് കേരളത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5200 രൂപയും പവന് 42000 രൂപയുമായിരുന്നു.
ആഗോള വിപണിയിലുണ്ടായ മാന്ദ്യമാണ് അന്ന് സ്വർണവില കൂടാൻ കാരണമായത്. ഓഹരി, നാണ്യ വിപണികൾക്കു വലിയ തകർച്ച നേരിട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ അന്നു സ്വർണം വാങ്ങുകയായിരുന്നു. അന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില 2076 ഡോളറായും ഉയർന്നിരുന്നു.
എന്നാൽ കോവിഡ് പ്രതിസന്ധി അതിജീവിച്ച് ആഗോള വിപണികൾ ഉണർന്നു തുടങ്ങിയതോടെ സ്വർണവില പടിപടിയായി കുറയുകയായിരുന്നു. കേരളത്തിൽ 32000 രൂപയുടെ താഴെ ഒരു പവന്റെ വില എത്തുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ ഏതാണ്ട് 1600 ഡോളറിലേക്ക് സ്വർണവില സ്ഥിരപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധം നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്കു തിരികെയെത്തിക്കുകയാണ്. പ്രതിസന്ധി കാലത്ത് ഏറ്റവും സുരക്ഷിതം, സ്വർണത്തിൽ നിക്ഷേപിക്കുകയാണെന്ന ചിന്തയാണിതിനു പിന്നിൽ.
ഓഹരി വിപണികളിലുണ്ടാകുന്ന വലിയ തകർച്ചകളും സ്വർണത്തിന്റെ തിളക്കം കൂട്ടുന്നുണ്ട്. യുദ്ധഭീതി തുടരുന്ന പശ്ചാത്തലത്തിൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]