

സോൾ: യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി ഉത്തരകൊറിയ. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പ്രകടനത്തെ വലിയ സുരക്ഷാ ഭീഷണിയായാണ് ഉത്തരകൊറിയ കാണുന്നത്. തങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള മുന്നൊരുക്കങ്ങളാണ് ഇരു രാജ്യങ്ങളുടേയും നേതൃത്വത്തിൽ നടത്തുന്നതെന്നാണ് ഉത്തരകൊറിയയുടെ ആരോപണം.
യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പരിശീലനത്തിന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചതായി സ്റ്റേറ്റ് മീഡിയയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. പരിശീലന ഗ്രൗണ്ടുകളിലും കിം നേരിട്ട് സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദക്ഷിണ കൊറിയ-യുഎസ് സൈനിക പരിശീലനം തങ്ങളുടെ രാജ്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും, ഇതിനെതിരെ ശക്തമായ രീതിയിൽ സൈനിക നടപടി ഉണ്ടാകുമെന്നുമാണ് ഉത്തരകൊറിയയുടെ ഭീഷണി.
അത്യാധുനിക ആയുധങ്ങളടക്കം ഉപയോഗിക്കാൻ എല്ലാ സൈനികരേയും സജ്ജമാക്കണമെന്നാണ് കിം ജോങ് ഉന്നിന്റെ നിർദ്ദേശം. അതിർത്തികളിൽ പീരങ്കികൾ ഉൾപ്പെടെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ മാസം നാലിനാണ് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും നേതൃത്വത്തിൽ സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിന്റെ ഇരട്ടി സൈനികരാണ് ഇക്കുറി ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും ഈ പരിശീലനത്തിന്റെ ഭാഗമായിരിക്കുന്നത്. പ്രതിരോധ സ്വഭാവമുള്ള പരിശീലനമാണെന്നും, പൂർണ തോതിൽ തങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ് ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ഇപ്പോൾ നടക്കുന്നതെന്നുമാണ് ഉത്തരകൊറിയ ആവർത്തിക്കുന്നത്.