
സ്വന്തം ലേഖിക
കോട്ടയം: മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയിൽ, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ “കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
സ്റ്റുഡൻ്റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രം ‘ദി പ്രൊപ്പോസലി’ന്റെ സംവിധായകനാണ് ജോ. ഒരു വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾക്കു സംഗീതമൊരുക്കിയ എസ് പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
ഏഴു മിനിറ്റ് ദൈർഘ്യ വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. അമര രാജ , ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ‘മാണിക്ക മാട്ടരം ‘ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആർ ഓ അജയ് തുണ്ടത്തിൽ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]