
സ്വന്തം ലേഖകൻ
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ പൂട്ടികെട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ പ്ലേ ഓഫിന്റെ ഒരുപടി കൂടി അടുത്തേക്ക്.
മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകർപ്പൻ വിജയം.ചെന്നൈയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പൻമാരുടെ വിജയം.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഉശിരുകാട്ടിയത്. ബ്ലാസ്റ്റേഴ്സിനായി സൂപ്പർതാരം അഡ്രിയാൻ ലൂണയും മലയാളിതാരം കെ.പി.രാഹുലും ലക്ഷ്യം കണ്ടു. അബ്ദെനാസ്സർ എൽ ഖയാത്തിയാണ് ചെന്നൈയിനിന്റെ ആശ്വാസ ഗോൾ നേടിയത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി.
അതേസമയം 17 മത്സരങ്ങളിൽ നിന്ന് 18 പോയന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാമതാണ്.
വിജയമില്ലാതെ മടങ്ങുന്ന തുടർച്ചയായ എട്ടാം പോരാട്ടം കൂടെയാണിത്.
ആദ്യ 45 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ ചെന്നെയിൻ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ ലീഡെടുത്തു. സൂപ്പർതാരം അബ്ദെനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.
തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് സമ്പൂർണ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്.
ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 38-ാം മിനിറ്റിൽ സാക്ഷാൽ അഡ്രിയാൻ ലൂണ ലോകോത്തര ഗോളിലൂടെ മഞ്ഞപ്പടയുടെ രക്ഷകനായി അവതരിച്ചു. ഇതോടെ കൊച്ചിയിലെ മഞ്ഞക്കടൽ ആർത്തിരമ്പി.
64-ാം മിനിറ്റിൽ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു.
ചെന്നൈയിൻ പ്രതിരോധത്തിന് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.
പിന്നാലെ ചെന്നൈയിൻ ആക്രമണം നിരന്തരം അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. വൈകാതെ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.
The post കൊച്ചിയിൽ ചെന്നൈയിനെ തകർത്തു ബ്ലാസ്റ്റേഴ്സ് പ്ലേഓഫിനരികിലേക്ക്; ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം; സൂപ്പർതാരം അഡ്രിയൻ ലൂണയും മലയാളി താരം രാഹുലും കൊമ്പന്മാർക്കായി വലകുലുക്കി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]