
സ്വന്തം ലേഖകൻ
മലപ്പുറം: തമിഴ്നാട് സ്വദേശിയായ വിജേഷിന് ഇത് പുതുജന്മമാണ്. വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന വിജേഷിനെ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി രക്ഷകനായത് ബസ് ഡ്രൈവറായ ഫസലുദ്ദീനും. ആ സംഭവം ഇങ്ങനെ
തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കരുവാരക്കുണ്ട് കേരളാകുണ്ട് വെള്ളച്ചാട്ടത്തിലെത്തിയത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ വിജേഷ് നീന്തലറിയാത്തതിനാല്‍ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. ഇതിനെടെ തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല.
വിജേഷ് ശാരീരിക അസ്വസ്ഥതകൾ കൂടി പ്രകടിപ്പിച്ചതോടെ മുകളിൽ എത്തിക്കാൻ യാതൊരു വഴിയുമില്ലാതെ സുഹൃത്തുക്കൾ വിഷമിച്ചു. ഇതിനിടെ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാവിനെ മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതോടെ സ്വകാര്യ ബസ് ഡ്രൈവറായ ഫസലുദ്ദീന്‍ ആ സാഹസിക ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടുവന്നത്. ആളെ ചുമലില്‍ കെട്ടി മുകളിലേക്ക് കയറില്‍ തൂങ്ങി കയറാന്‍ കഴിയുമെന്ന് ഫസലുദ്ദീന്‍ പറഞ്ഞു.
ഇത് അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫസലുദ്ദീൻ പിൻവലിഞ്ഞില്ല. ക്ഷീണിതനായ വിജേഷിനെ ചുമലില്‍ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറില്‍ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വിജേഷിനെ കൊണ്ടുപോയി. ഫസലുദ്ദീനോടുള്ള നന്ദിയും കടപ്പാടും തീര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് ജീവന് തിരിച്ചുകിട്ടിയ വിജേഷും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങിയത്.
കിണര്‍കുഴിച്ചുള്ള പരിചയമാണ് കയറില്‍ തൂങ്ങി കയറാനുള്ള ധൈര്യം നല്‍കിയതെന്ന് ഫസലുദ്ദീന്‍ പറയുന്നു. ഒരാള്‍ ജീവനുവേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് സാഹസിക കൃത്യത്തിന് മുതിരുകയായിരുന്നുവെന്നും ഫസലുദ്ദീൻ പറഞ്ഞു.
The post വിജേഷിന് ഇത് പുതുജീവൻ…! കൂട്ടുകാരോടൊപ്പം കേരളാകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറിങ്ങിയ യുവാവ് മുങ്ങിതാഴ്നു ; പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാനാകാതെ അലമുറയിട്ട് സുഹൃത്തുക്കൾ ; ഒടുവിൽ രക്ഷകനായത് സ്വകാര്യ ബസ് ഡ്രൈവർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]