
ഒറ്റപ്പെടലും ഏകാന്തതയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമെന്ന് അടിവരയിടുകയാണ് പുതിയ പഠനം. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനത്തിന്റെ ഉയർന്ന നിരക്കിന് കാരണമാണെന്നാണ് പുതിയ പഠനറിപ്പോർട്ട് പറയുന്നത്. ഒരാൾ തനിച്ചാകുന്നത് മാത്രമല്ല ആ വ്യക്തി ഏകാന്തത അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഹൃദയത്തിന്റെ അപകടസാധ്യത നിർണയിക്കുന്നത്.
ഒറ്റയ്ക്കാകുന്നവർ അഥവാ അപൂർവമായി മാത്രം സാമൂഹിക ബന്ധങ്ങൾ ഉള്ളവരാണ് സോഷ്യൽ ഐസൊലേഷൻ അനുഭവിക്കുന്നവർ. അതേസമയം, ഒരാളുടെ യഥാർത്ഥ സാമൂഹിക ഇടപെടലിന്റെ നിലവാരം അവർ ആഗ്രഹിക്കുന്നതിലും കുറവായിരിക്കുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ വികാരമാണ് ഏകാന്തത. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഘടകങ്ങളാണ്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതൽ 20% വരെ വർധിപ്പിച്ചെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടാലും അയാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെങ്കിൽ മാത്രമേ അപകടകരമാകൂ എന്നാണ് ഗവേഷകർ പറയുന്നത്. അതായത് സാമൂഹികമായി ഒറ്റപ്പെടാത്ത ആളുകളും ഏകാന്തത അനുഭവിക്കുന്നവരാണെങ്കിൽ അപകടസാധ്യത കൂടുതലാണ്. വസ്തുനിഷ്ഠമായ സാമൂഹിക ഒറ്റപ്പെടലിനേക്കാൾ ആത്മനിഷ്ഠമായ ഏകാന്തതയുടെ ആഘാതം വളരെ പ്രധാനമാണെന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യമായ ഒറ്റപ്പെടലിനേക്കാൾ ശക്തമായ മാനസിക പിരിമുറുക്കത്തിലേക്ക് ഏകാന്തത നയിക്കും. സമ്മർദ്ദപൂരിതമായ സാമൂഹിക ബന്ധങ്ങളുള്ള ആളുകളിൽ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകർ പറയുന്നു.
ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. പുകയില ഉപയോഗം, പൊണ്ണത്തടി തുടങ്ങിയവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ക്ലിനിക്കൽ പരിചരണത്തിൽ സാമൂഹിക ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമാകുന്ന ഫലപ്രദമായ നടപടികളുടെ ആവശ്യകത പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ സാമൂഹിക പിന്തുണ നൽകുന്നതിനുള്ള വിശാലമായ മുന്നേറ്റമുണ്ടാകണം.
The post ഒറ്റപ്പെടലും ഏകാന്തതയും അപകടം, കൂടുതലും പുരുഷന്മാരിൽ; ഹൃദയസ്തംഭനത്തിന് കാരണമെന്ന് പഠനം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]