

ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ വന്ന് ആരാധകരുടെ മനംകവരുന്ന നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. എന്നാല്‍, ചിലപ്പോഴൊക്കെ സൈബര്‍ ആക്രമണം അതിരുകടക്കുമ്പോള്‍ ഉര്‍ഫി മറുപടി നല്കാന് മടികാണിക്കാറുമില്ല.

എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടിട്ടും, വിമർശനം നേരിട്ടിട്ടും, ഭീഷണികൾ പോലും ഉണ്ടായിട്ടും വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിലാണ് ഉർഫി. പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇന്ത്യാ ടുഡേ കോൺക്ലേവിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
വീട് വിട്ടിറങ്ങി മുംബൈയിൽ എത്തിയത് അഭിനയം എന്നൊരു ഒറ്റ മോഹത്തിന്റെ പുറത്താണ്. തന്റെ വിധി തീരുമാനിക്കേണ്ടത് താനായിരിക്കണെന്ന ചിന്തയാണ് മുന്നോട്ട് നയിച്ചത്. പിതാവിനേയോ സഹോദരനേയോ എന്റെ വിധിയെഴുതാൻ അനുവദിച്ചില്ലെന്നും ഉർഫി വ്യക്തമാക്കി.

ഉർഫിയുടെ വാക്കുകൾ ഇങ്ങനെ
വീട് വിട്ടിറങ്ങി മുംബൈയിൽ എത്തിയ ഏഴ് വർഷം ഞാൻ വളരെ കഷ്ടപ്പെട്ടു. 17 വയസ്സുള്ളപ്പോഴാണ് ഞാൻ വീട് വിട്ടിറങ്ങുന്നത്. കുറേ അലഞ്ഞു തിരിഞ്ഞു, ഞാനൊരു കലാപകാരിയോ മറ്റെന്തെങ്കിലുമോ ആകണമെന്ന് കരുതിയല്ല ഞാൻ വീട് വിട്ടിറങ്ങിയത്.
എന്റെ വസ്ത്രങ്ങളുടെ കാര്യത്തിൽ ഞാൻ ധൈര്യ ശാലിയാണ്. എന്റെ അച്ഛൻ വളരെ യാഥാസ്ഥിതികനും ശാരീരികമായി അധിക്ഷേപിക്കുന്നയാളും ആയിരുന്നു. വീട്ടിൽ നടന്ന രണ്ട് മൂന്ന് കാര്യങ്ങളെ തുടർന്ന് എനിക്ക് മുന്നിൽ രണ്ട് വഴിയെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ വീട് വിട്ടിറങ്ങുക. ഞാൻ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു, എന്റേതായൊരു ലോകം ഉണ്ടാക്കി.

അതേസമയം ഞാനൊരിക്കലും പുരുഷന്മാരെ കുറ്റപ്പെടുത്തില്ല എന്ന് ഉർഫി പറയുന്നു . നിങ്ങളുടെ നോട്ടം തെറ്റാണെന്ന് പറയില്ല. ഞാനെന്റെ ലൈംഗികത മുതലാക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. ഇതൊരു പുതിയ കാര്യമല്ല. സിനിമകളും സംവിധായകരും കാലാകാലങ്ങളായി ഇത് ചെയ്യുന്നുണ്ട്. സംവിധായകരും നിർമ്മാതാക്കളും പണം സമ്പാദിക്കാനായി സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കുന്നു.
ഇതേകാര്യം തന്നെയാണ് ഞാനും ചെയ്യുന്നത്. എന്നെ തന്നെ സെക്ഷ്വലൈസ് ചെയ്ത് ഞാനെന്റെ സ്വന്തം പണം സമ്പാദിക്കുന്നു.