
സ്വന്തം ലേഖകൻ
മൂന്നാർ: നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കുപാറ സ്വദേശികളായ സണ്ണി, അമൽ, അമ്പഴച്ചാൽ സ്വദേശി അജിത് ശിവൻ എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും മജിസ്ട്രേറ്റ് മുമ്പാകെ വ്യക്തമാക്കി.തുടർന്ന് മജിസ്ട്രേറ്റ് നിർദ്ദേശിച്ചത് അനുസരിച്ചാണ് 3 പേർക്കും പൊലീസ് സംരക്ഷണയിൽ ചികത്സ ലഭ്യമാക്കിട്ടുള്ളത്.
മെഡിക്കൽ പരിശോധനക്കായി ദേവികുളം പി.എച്ച്.സി യിൽ എത്തിച്ചപ്പോൾ ഡോക്ടറോടും ഇവർ ശാരീരിക അസ്വസ്ഥതകൾ വ്യക്തമാക്കിയിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കണമെന്ന് ഇവിടുത്തെ ഡോക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് സൂചന. കോടതി നിർദ്ദേശ പ്രകാരം പൊലീസ് പ്രതികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികത്സ ആവശ്യമാണെന്നായിരുന്നു മെഡി്ക്കൽ സംഘത്തിന്റെ വിലയിരുത്തൽ. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ പൊലീസ് തയ്യാറായത്.
മൂന്നാർ മാട്ടുപ്പെട്ടി ഡാം ബോട്ടിങ് സെന്റർ സമീപത്ത് വനമേഖലയിൽ നായാട്ട് നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. നാടൻ തോക്കും കാട്ടുപോത്തിന്റെ തലയടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ പി ബിജി അറിയിച്ചു. പഞ്ചായത്ത് അംഗത്തിന്റെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പോത്തിന്റെ തല ചുമന്നത് സണ്ണിയായിരുന്നു. അപ്പോൾ അയാൾക്ക് അവശതകൾ ഒന്നും ഉണ്ടായിരുന്നില്ല. കൂടാതെ തോക്ക് കണ്ടെടുത്തപ്പോൾ, പ്രവർത്തന രീതി ഇയാൾ തന്നെ കാണിച്ച് തരികയായിരുന്നു. മർദ്ദനമേറ്റതായുള്ള പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു റെയിഞ്ചോഫീസറുടെ പ്രതികരണം.
4-ന് രാത്രി 12.30 ഓടെയാണ് സണ്ണിയെ വനംവകുപ്പ്് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതെന്നാണ് അടുപ്പക്കാർ പുറത്തുവിട്ടിട്ടുള്ള വിവരം. ഈ സമയം തോക്കോ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പക്കൽ ഇല്ലായിരുന്നെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ദേവികുളം മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയപ്പോൾ മുടന്തിയാണ് സണ്ണി നടന്നിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി സണ്ണി വെളിപ്പെടുത്തിയപ്പോൾ ഉടൻ പരാതി എഴുതി നൽകാൻ മജിസ്ട്രേറ്റ് നിർദ്ദേശിക്കുകയായിരുന്നു.ഇതുപ്രകാരം അഡ്വ.ജേക്കബ് ആനക്കല്ലിങ്കലിന്റെ സഹായത്തോടെ സണ്ണി ഉൾപ്പെടെയുള്ളവർ പരാതി തയ്യാറാക്കി മജിസ്ട്രേറ്റിന് കൈമാറി.തുടർന്നാണ് ഇവർക്ക് ചികിത്സ ലഭ്യമാക്കാൻ കോടതി നിർദ്ദേശിച്ചത്.
താനും സുഹൃത്തുക്കളും മാട്ടുപ്പെട്ടി ഡാമും പരിസരവും കാണാൻ പോയിരുന്നെന്നും വൈകിട്ട് തിരിച്ചുവരും വഴി വനംവകുപ്പ് ജീവനക്കാർ തടഞ്ഞുനിർത്തിയെന്നും തുടർന്ന് ഓട്ടോറിക്ഷയിലേയ്ക്ക് നിറ ഒഴിച്ചെന്നും ഈ സമയം ഭയന്ന് താൻ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടെന്നും പിന്നീട് സുഹൃത്ത് വിളിച്ചതിനെത്തുടർന്ന് ഒളിയിടത്തിൽ നിന്നും പുറത്തുവന്നപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ എടുത്തെന്നുമാണ് സണ്ണി മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
നാലഞ്ചുപേർ ബലമായി പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റി, ഉൾവനത്തിലെ കെട്ടിടത്തിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ചെന്നും തന്നെ ഉപദ്രവിച്ചവരെ നേരിട്ടറിയമെന്നും റെയിഞ്ചോഫീസർ വെജിയാണ് കൂടുതൽ ഉപദ്രവിച്ചതെന്നും പറയുന്നത് അനുസരിച്ചില്ലങ്കിൽ മർദ്ദിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സണ്ണി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
The post നായാട്ട് കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയ മൂന്നുപ്രതികള്‍ എഴുനേറ്റ് നിൽക്കാൻ ജീവനില്ലാതെ കോട്ടയം മെഡിക്കൽ കോളേജിൽ അവശനിലയില്‍; ഉള്‍വനത്തിലെ കെട്ടിടത്തില്‍ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; കോടതിയില്‍ എത്തിച്ചപ്പോള്‍ നിവർന്ന് നില്ക്കാന് കഴിയാത്ത അവസ്ഥയില്‍; കാട്ടുപോത്തിനെ വേട്ടയാടിയെന്ന് വനം വകുപ്പും മാട്ടുപെട്ടി ഡാം കാണാന്‍ പോയതെന്ന് പ്രതികളും; വീണ്ടും കസ്റ്റഡി മര്‍ദ്ദനം ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]