
പ്രഭാത വാർത്തകൾ
2024 | ജൂൺ 7 | വെള്ളി | ഇടവം 24 |
ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. ജൂണ്‍ 4 ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ 1ന് വ്യാജ എക്സ്റ്റിറ്റ് പോള്‍ വരികയും ജൂണ്‍ 4 ന് കോടികളുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതില്‍ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതി ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും ബിജെപി നേതാവ് പിയൂഷ് ഗോയല്‍. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും മാര്‍ക്കറ്റില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംഗ് സംഘത്തിലെ 5 പേര് മരിച്ചു. വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 അംഗ സംഘം ട്രക്കിങിനു പോയത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം സംബന്ധിച്ചു മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാത്തതിലും ഉത്തരവില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിലും പ്രതിഷേധിച്ച് സിഐടിയുവിന്റെ ഓള് കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
എണ്ണായിരത്തിലേറെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പാര്‍ക്ക് സോഫ്റ്റ്വെയറില് മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.
എല്‍ഡിഎഫിന് നേട്ടം ഉണ്ടായില്ലെങ്കിലും ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകുമെന്നും ജയരാജന് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നും ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞ ജയരാജന് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് തോറ്റതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വോട്ടിലെ ഗണ്യമായ ചോര്‍ച്ചയില്‍ അന്വേഷണമുണ്ടായേക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ചില മേഖലകളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടാതെ പോയി. അത് അന്വേഷിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു. യുഡിഎഫ് തരംഗത്തില്‍ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കര്‍ശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്.
സംഘപരിവാറിനെ നേരിടാന്‍ കോണ്‍ഗ്രസാണ് നല്ലതെന്ന് മലയാളികള്‍ ചിന്തിച്ചെന്നും അതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് കാരണമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍. അതേസമയം കോണ്‍ഗ്രസ് വോട്ട് മറിച്ചാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വോട്ട് ചോര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ലീഗിലേക്ക് പോകുമെന്നത് വാസ്തവ വിരുദ്ധമാണെന്നും കുട്ടിക്കാലം മുതല്‍ താന്‍ ഇടത് അനുഭാവിയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.
വടകരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദിയെന്നും വീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]