
ഇ കെ നായനാർ നഗർ
ബിജെപിക്കും ആർഎസ്എസിനും എതിരെ മതനിരപേക്ഷ–-ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാൻ ഏറ്റവും അനുയോജ്യമായ അടവുനയത്തിന് പാർടി കോൺഗ്രസ് രൂപംനൽകുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മണിക് സർക്കാർ. തൊഴിലാളികളെയും വിവിധ ജനവിഭാഗങ്ങളെയും ഫലപ്രദമായി സംഘടിപ്പിക്കാനും അണിനിരത്താനും പ്രാപ്തമാക്കുംവിധം പാർടിയെ ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്യും. ഇടതു ജനാധിപത്യബദൽ പടുത്തുയർത്താനുള്ള ഉത്തരവാദിത്വം സിപിഐ എം നിർവഹിക്കുമെന്നും പാർടി കോൺഗ്രസ് ഉദ്ഘാടനസമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും മുമ്പൊരിക്കലുമില്ലാത്ത വെല്ലുവിളി നേരിടുന്നു. ബിജെപിയും ആർഎസ്എസും ഇന്ത്യൻ റിപ്പബ്ലിക്കിനെ തകർക്കാനും ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനും ആസൂത്രിതമായി കരുനീക്കുന്നു. ഭരണം നിലനിർത്താൻ കോർപറേറ്റുകളും ഹിന്ദുത്വശക്തികളുമായി അവിശുദ്ധസഖ്യമുണ്ട്. വർഗീയധ്രുവീകരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചാണ് ദ്രോഹനയം നടപ്പാക്കുന്നത്. മതന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുന്നു.
ഹിന്ദുത്വ–-കോർപറേറ്റ് ഭരണത്തിനെതിരെ വ്യാപക ജനരോഷം ഉയരുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, കർഷകസമരം, തൊഴിലാളികളുടെ ദേശീയപണിമുടക്ക് എന്നിവയിൽ അത് പ്രകടമായി. മതനിരപേക്ഷതയും ഫെഡറലിസവും തകർക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിനെതിരെ യോജിച്ച പോരാട്ടം കൂടുതൽ വിപുലവും തീവ്രവുമാക്കണം–- മണിക് സർക്കാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]