
മൊബൈല്‍ ഫോണ്‍ സര്‍വ സാധാരണമായപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടി മിന്നലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന്. പ്രതൃകിച്ച് പല വീടുകളിലും ഇതിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളോട് ഇത് പറഞ്ഞു എപ്പോഴും വഴക്കിടാറുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ശാസ്ത്രീയമാല വശങ്ങള് അറിയാത്തവരാണ് ഇത്തരം വാദങ്ങള്‍ നടത്തുന്നത്. ശരിക്കും ഇടി മിന്നല്‍ ഉള്ളപ്പോള്‍ തീര്‍ച്ചയായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരു വിധ അപാകതയുമില്ല എന്നതാണ്. അതറിയണമെങ്കില്‍ ആദ്യം എന്താണ് ഇടി മിന്നല്‍ എന്ന് നമ്മള് ആദ്യം അറിഞ്ഞിരിക്കണം.
എന്താണ് ഇടി, മിന്നല്‍
മഴമേഘങ്ങള്‍ തമ്മില്‍ ഉരസുമ്പോഴുണ്ടാകുന്ന അതിശക്തമായ രീതിയില്‍ ഉണ്ടാകുന്ന വൈദ്യൂതി പ്രവാഹമാണ് മിന്നല്‍. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന ശബ്ദമാണ് ഇടി എന്ന് നമ്മള് പറയുന്നത്. എന്നാല്‍ പ്രകാശത്തിന് ശബ്ദത്തെക്കാള്‍ വേഗതയുള്ളതിനാലാണ് ആദ്യം മിന്നലും പിന്നെ ശബ്ദവും ഉണ്ടാകുന്നത്. ഓരോ തവണ മിന്നല്‍ ഉണ്ടാകുമ്പോഴും ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് പുറത്തേക്ക് വരുന്നത്. എന്നാലിങ്ങനെയടിക്കുന്ന മിന്നല്‍ ഭൂമിയില്‍ വന്ന് സ്പര്‍ശിച്ച് ശേഷം ഇതിലെ വൈദ്യുതി ന്യൂട്രലായി മാറി ഇല്ലാതാവുകയാണ് പതിവ്. ഇത്തരത്തില്‍ ഭൂമിയിലെത്തുന്ന മിന്നല്‍ ജീവജാലങ്ങള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ അപകടം ഉണ്ടാക്കാറുണ്ട്. അതു കൊണ്ടാണ് ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുത് എന്ന് പറയുന്നത്.
എന്തുകൊണ്ട് പലരും ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നു
മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ എത്തുന്നത് ആന്തരീക്ഷത്തിലൂടെയുള്ള തരംഗ രൂപത്തിലാണ്. ടവറുകളില്‍ നിന്നുള്ള ഇത്തരം തരംഗങ്ങളാണ് ഫോണിലേക്ക് എത്തുന്നത്. എന്നാല്‍ ഇത്തരം തരംഗങ്ങളീലൂടെ ഇടിമിന്നലിന്റെ വൈദ്യൂതി ഫോണിലേക്ക് എത്തുമെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇത്തരത്തില്‍ ഫോണിലേക്ക് വൈദ്യുതി എത്തിയാല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമെന്നും അത് ഉപയോഗിക്കുന്ന ആളിനെ അപകടപ്പെടുത്തുകയും ചെയ്യുമെന്നാണ് പലരും കരുതിയിരിക്കുന്നത്. അത് കൊണ്ടാണ് ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ ഉപയോഗത്തെ എതിര്‍ക്കുന്നത്. പക്ഷേ ഇത് വെറും അന്ധ വിശ്വാസം മാത്രമാണ്.
യാഥാര്‍ത്ഥ്യം ഇങ്ങനെ
മൊബൈല്‍ ഫോണില്‍ സിഗ്നലുകള്‍ക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നല്‍ ഒരിക്കലും ഈ റേഡിയോ തരംഗങ്ങള്‍ വഴി മൊബൈലിലെത്തില്ല. ചുരുക്കി പറഞ്ഞാല്‍ മൊബൈല്‍ ഒരിക്കലും മിന്നലിനെ ആകര്‍ഷിക്കില്ല. ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോള്‍ വിളിക്കുകയോ, ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യാമെന്ന് സാരം. എന്നാല്‍ ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതു വഴി വൈദ്യുതി കടന്നു വരാന്‍ സാദ്ധ്യതയുണ്ട്.
ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ അപകടം ഉണ്ടാക്കുന്നത് ഇങ്ങനെ
ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുഴപ്പമില്ലങ്കിലും ഇടിമിന്നലുള്ള സമയത്ത് ഫോണ്‍ ഉപയോഗിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ ഫോണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല. എന്നാല്‍ ഇടിമിന്നല്‍ വൈദ്യൂതി ചാലകങ്ങളിലൂടെ കടന്ന് വരുമെന്നതിനാല്‍ ചാര്‍ജ് ചെയ്തുകൊണ്ട് ഫോണ്‍ ഉപയോഗിച്ചാല്‍ അത് അപകടത്തിന് കാരണമാകാം. ഇടിമിന്നല്‍ ഉള്ള സാഹചര്യത്തില്‍ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കണം. അല്ലാത്ത പക്ഷം വയറുകളിലൂടെ മിന്നലിലെ ഉയര്‍ന്ന വൈദ്യുതി പ്രവഹിച്ച് അപകടം വരുത്തി വയ്ക്കാം.
അടുത്ത ഒരു സാഹചര്യം ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലത്തോ വീടിന് പുറത്തോ നിന്ന് ഫോണ്‍ ഉപയോഗിക്കുന്നതാണ്. ഈ സമയം പുറത്തു നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. ഇത് ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല. ഫോണ്‍ ഉപയോഗിക്കാതെയും മിന്നലുള്ള സമയത്ത് തുറന്ന പ്രദേശത്ത് നിന്നാല്‍ അപകടം ഉണ്ടാവും എന്നത് തീര്‍ച്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]