
വൈദ്യുത തീവണ്ടിക്ക് സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി
കൊല്ലം – പുനലൂർ പാതയിൽ ഈമാസം ഒടുവിൽ വണ്ടി ഓടിയേക്കും
പുനലൂർ : കൊല്ലം – പുനലൂർ റെയിൽ പാതയിൽ വൈദ്യുത യാത്രാ തീവണ്ടികൾ ഓടിക്കാമെന്ന് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച റിപ്പോർട്ട് റെയിൽവേ അധികൃതർക്ക് ലഭിച്ചു.
കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള മാറ്റങ്ങൾ കൂടി നടപ്പിൽ വരുത്തി, ഈ മാസം ഒടുവിൽ പാതയിൽ വൈദ്യുത യാത്രാ തീവണ്ടികൾ ഓടിച്ചേക്കും.
വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ പാതയിൽ കഴിഞ്ഞ 21-ന് സുരക്ഷാ കമ്മീഷണർ പരിശോധന നടത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടാണ് കഴിഞ്ഞദിവസം എത്തിയത്. പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനും നിർദ്ദേശങ്ങളും കൂടി കമ്മീഷണർ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇവ 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇലക്ട്രിക്കൽ വിഭാഗം അധികൃതർ അറിയിച്ചു
പ്രവൃത്തികൾ പൂർത്തിയാക്കി ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർക്ക് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് പാതയിൽ വൈദ്യുത തീവണ്ടി ഓടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ തുടങ്ങുക. പാതയിൽ ഏതൊക്കെ വണ്ടികൾ ഓടിക്കാമെന്നതു സംബന്ധിച്ച് മധുര ഡിവിഷൻ തീരുമാനമെടുക്കും.
യുദ്ധകാലാടിസ്ഥാനത്തിലാണ് കൊല്ലം – പുനലൂർ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ നടത്തിയത്. 44 കിലോമീറ്റർ നീളുന്ന പാതയിൽ പ്രവൃത്തി തുടങ്ങിയത് കഴിഞ്ഞ ജൂലായ് മാസമാണ്.
നിർമാണ സാമഗ്രികളുടെ ക്ഷാമം,കോവിഡ്, കനത്ത മഴ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച്
കഴിഞ്ഞ മാസമാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. എന്നാൽ നിശ്ചയിച്ചതിലും 10 ദിവസം മുൻപേ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്തേണ്ടി വന്നതിനാൽ
നിരവധി അന്തിമ ജോലികൾ ബാക്കിയായിരുന്നു.
ആവണീശ്വരം – പുനലൂർ സെക്ഷനിൽ വയറിങ് ജോലികൾ ഉൾപ്പെടെ പൂർത്തിയായി വരുന്നതേയുള്ളൂ. പാതയിലെ മരങ്ങൾ ഇനിയും മുറിച്ചു നീക്കിയിട്ടില്ല.
ഇത്തരം പ്രവൃത്തികളും കമ്മീഷണർ നിർദ്ദേശിച്ച മാറ്റങ്ങളും നടപ്പിൽ വരുത്തി കഴിഞ്ഞാൽ യാത്രാ തീവണ്ടി ഓടിക്കാനാവും.പുനലൂരിൽ നിന്നും തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക് 49 കിലോമീറ്റർ നീളുന്ന പാതയിലും വൈദ്യുതീകരണ പ്രവൃത്തികൾ നടന്നുവരികയാണ്.അടുത്ത കൊല്ലം മാർച്ച് 31- നുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള കർശന നിർദ്ദേശം. ഈ പാത കൂടി വൈദ്യുതീകരിച്ചാൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക്
ദക്ഷിണ കേരളത്തിൽ നിന്നുതന്നെ ഏറ്റവും ദൂരം കുറഞ്ഞ പാതകളിൽ ഒന്നായി കൊല്ലം-ചെങ്കോട്ട പാത മാറും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]