
ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം നല്കാന് പുനലൂര്‍ നഗരസഭയിലും ‘അമൃത്’ കര്‍മപദ്ധതി സമര്‍പ്പിച്ചു 750-ഓളം കണക്ഷന് നല്‍കാനാവും പുനലൂര്‍ : ജലക്ഷാമം നേരിടുന്ന പുനലൂര്‍ നഗരസഭയില്‍ 750-ഓളം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് പദ്ധതി തയ്യാറായി. കേന്ദ്ര സര്‍ക്കാരിന്റെ നഗര വികസന മന്ത്രാലയത്തിനു കീഴിലുള്ള ‘അടല്‍ മിഷന് ഫോര്‍ റിജ്യൂവനേഷന് ആന്റ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന്’ (അമൃത്) പദ്ധതിയില്‍പ്പെടുത്തിയാണിത്.
ജല അതോറിറ്റി നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു. എട്ടു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് അനുമതി ലഭിക്കുന്ന മുറക്ക് വിശദമായ പദ്ധതി രേഖ (ഡി.പി.ആര്.) സമര്‍പ്പിക്കും.
വെള്ളമെത്താത്ത ഉള്‍പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി. ചെമ്മന്തൂര്‍, കുതിരച്ചിറ, മണിയാര്‍ പ്രദേശങ്ങളിലേയ്ക്ക് പൈപ്പു ലൈന്‍ നീട്ടുന്നതിനും മൈലയ്ക്കല്‍ വാര്‍ഡില്‍ എള്ളാംകോണത്ത് സംഭരണി നിര്‍മിച്ച് കലയനാട്, ഗ്രേസിങ് ബ്ലോക്ക്, മൈലയ്ക്കല്‍, താമരപ്പള്ളി വാര്‍ഡുകളില്‍ കണക്ഷന് നല്കുന്നതുമാണ് പദ്ധതിയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
മൂന്നു ഘട്ടമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജല അതോറിറ്റിയുടെ, മൂന്നര പതിറ്റാണ്ടു പഴക്കമുള്ള ‘പുനലൂര്‍ ജലവിതരണ പദ്ധതി’യുടെ കാലഹരണപ്പെട്ട
പൈപ്പുകളിലൂടെ ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ‘അമൃത്’ വഴി ജലവിതരണത്തിനു വഴി തേടുന്നത്. നഗരത്തിന്റെ മധ്യത്തുകൂടി പുഴ ഒഴുകിയിട്ടും വര്‍ഷം മുഴുവന്‍ ജലക്ഷാമം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പുനലൂര്‍ നഗരസഭ.
പൈപ്പുകളില്‍ കൂടി ജലവിതരണം നടത്തുന്നതിനു പുറമേ 365 ദിവസവും ടാങ്കര്‍ ലോറിയില്‍ ജലവിതരണം നടത്തുന്ന നഗരസഭയെന്ന പ്രത്യേകതയുമുണ്ട്. പുനരദ്ധാരണം നടന്നുവരുന്ന പേപ്പര്‍മില്‍ തടയണ പൂര്‍ത്തിയാവുന്നതോടെ കല്ലടയാറ്റില്‍ ജലനിരപ്പ് ഉയരുകയും നഗരസഭയിലെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
150 കോടിയുടെ പദ്ധതിക്ക് ഭൂമി കൈമാറും നഗരസഭയിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള 150 കോടിയുടെ ബ്രഹദ് പദ്ധതിക്കായി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഭൂമി ജലഅതോറ്റിക്കു കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
ശുദ്ധീകരണ പ്ലാന്റു നിര്‍മിക്കുന്നതിനായി മൈലയ്ക്കല്‍ വാര്‍ഡിലെ ചെങ്കുളത്ത് ഒന്നര ഏക്കര്‍ ഭൂമി കഴിഞ്ഞമാസം അവസാനം അളന്നുതിരിച്ചിരുന്നു. ഇതിനു പുറമേ കിണര്‍ നിര്‍മിക്കുന്നതിന് കല്ലടയാറിന്റെ ചെങ്കുളം കടവില്‍ 30 സെന്റും കൈമാറും.
വിവിധ ഇടങ്ങളിലായി സംഭരണി നിര്മിക്കുന്നതിനുള്പ്പടെ മൊത്തം 2.62 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കിണറും ശുദ്ധീകരണ ശാലയും നിര്‍മിച്ച് ഇതുവഴി വെള്ളം നിലവിലെ ഹൈസ്കൂള്‍ വാര്‍ഡിലെ സംഭരണയില്‍ എത്തിച്ച് വിതരണം ചെയ്തു തുടങ്ങാനും ആലോചിക്കുന്നുണ്ടെന്ന് വൈസ് ചെയര്മാന് വി.പി.ഉണ്ണികൃഷ്ണന് പറഞ്ഞു.
The post ജലക്ഷാമം നേരിടുന്ന പുനലൂര്‍ നഗരസഭയില്‍ 750-ഓളം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് പദ്ധതി തയ്യാറായി appeared first on . source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]