

ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതിരുന്നവർക്കാണ് 83.13 കോടി അനുവദിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിൽ അർഹരായവർക്ക് വേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഇതിലാണ് നേരത്തെ ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തിയത്.
2021-22,2022-23 കാലഘട്ടത്തിൽ വിളനാശം സംഭവിച്ചവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യഗവൺമെന്റിന്റെ മാനദണ്ഡപ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. വെള്ളപ്പെക്കം, കൊടുങ്കാറ്റ്,ആലിപ്പഴ വീഴ്ച എന്നിവ മൂലം 33 ശതമാനത്തിലേറെ വിളനാശം സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. സാങ്കേതിക തകരാറുകൾ കാരണം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാത്തവരെയും ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടുങ്കാറ്റിനൊപ്പമുള്ള ആലിപ്പഴ വർഷത്തിൽ വിളനാശം സംഭവിച്ചവർക്ക് 38 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ആറു ജില്ലകളിലാണ് തുക വിതരണം ചെയ്തത്. ജില്ലാ മജിസ്ട്രേറ്റിന്റെ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകിയത്.