
കൊച്ചി: കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂട്ട്മെന്റ് നടത്തുന്നത്. കാക്കനാട്ട് ഇന്നലെ ആരംഭിച്ച റിക്രൂട്ട്മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 വരെയാണ് നിയമന നടപടികള്‍.
നോര്‍ക്ക റൂട്ട്സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശയും വിശദമായ മാര്‍ഗരേഖകളും ഈ ദിവസങ്ങളില്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ കെഎന്‍ജി പ്രതിനിധികള്‍ നോര്‍ക്ക അധികൃതര്‍ക്ക് കൈമാറി. കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.
ആരോഗ്യ രംഗത്തെ കൂടാതെ എഞ്ചിനിയറിങ്ങ്, ഐ.ടി, ഡാറ്റാഅനലിസ്റ്റ് മേഖലകളിലുമുളള ഒഴിവുകള്‍ക്ക് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനല്‍കിയതായി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു. ഇക്കാര്യത്തിലുളള ധാരണാപത്രം നോര്‍ക്ക റൂട്ട്സ് കൈമാറുന്ന മുറയ്ക്ക് ഒപ്പുവയ്ക്കും. നോര്‍ക്ക ചെയര്മാന് കൂടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളും കുവൈറ്റ് സംഘത്തെ പി ശ്രീരാമകൃഷ്ണന് അറിയിച്ചു.
കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് പ്രതിനിധികളായ കേണല്‍ അല്‍ സയ്ദ് മെഷല്‍, കേണല്‍ ഹമ്മാദി തരേഖ്, മേജര്‍ അല്‍ സെലമാന്‍ ദാരി, ലെഫ്. കേണല്‍ അല്‍ മുത്താരി നാസര്‍ എന്നിവരാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുക.
The post കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കമായി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]