മുംബൈ: അന്ധേരി മരോളില്‍ എയര്‍ഹോസ്റ്റസ് ട്രെയിനി കൊല്ലപ്പെട്ടത് ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെയെന്ന് സംശയം. കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസ് ട്രെയിനി രുപാല്‍ ഒഗ്രേ(25)യെ പ്രതി വിക്രം അത്വാള് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ സംശയം.
ഞായറാഴ്ച രാത്രിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ ഒഗ്രേയെ മരോളിലെ ഫ്ളാറ്റില്‍ കഴുത്തില്‍ മുറിവേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ വിക്രം അത് വാളിനെ മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പിടികൂടിയിരുന്നു. അര്ധനഗ്നമായനിലയില് കുളിമുറിക്കുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴുത്തില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ചോരയില്‍കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണത്തൊഴിലാളിയായ വിക്രം ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാലിന്യം ശേഖരിക്കാനും ശൗചാലയം വൃത്തിയാക്കാനുമെന്ന വ്യാജേന രാവിലെ 11 മണിയോടെയാണ് പ്രതി യുവതിയുടെ ഫ്ളാറ്റിലെത്തിയത്.
പതിവായി വൃത്തിയാക്കാൻ വരുന്നതിനാല്‍ ഫ്ളാറ്റില്‍ യുവതി മാത്രമേയുള്ളൂവെന്ന് പ്രതി നേരത്തെ മനസിലാക്കിയിരുന്നു. 11 മണിയോടെ ഫ്ളാറ്റിലെത്തിയ പ്രതിക്ക് യുവതി വാതില്‍ തുറന്നുനല്‍കി. തുടര്‍ന്ന് അകത്തുകയറിയ ഇയാള്‍ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പിടിവലിക്കിടെ പ്രതിയുടെ മുഖത്തും കൈയിലും പരിക്കേല്‍ക്കുകയും ചെയ്തു.
യുവതിയെ പരിക്കേല്‍പ്പിച്ചശേഷം പ്രതി ഫ്ളാറ്റിലെ തറ മുഴുവന്‍ കഴുകി വൃത്തിയാക്കി. ഇതിനുപിന്നാലെ ഓട്ടോലോക്ക് സംവിധാനം ഓണ്‍ചെയ്ത ശേഷം വാതിലടച്ച് പുറത്തുപോയി. തുടര്‍ന്ന് ചോരപുരണ്ട യൂണിഫോം കഴുകി വൃത്തിയാക്കുകയും മറ്റൊരു വസ്ത്രം ധരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
തുംഗയിലെ വീട്ടിലെത്തിയ പ്രതിയോട് കൈയിലെയും മുഖത്തെയും പരിക്കിനെക്കുറിച്ച് ഭാര്യ തിരക്കിയിരുന്നു. എന്നാല്‍, ജോലിക്കിടെ ചില്ല് പൊട്ടി പരിക്കേറ്റെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ഹൗസിങ് സൊസൈറ്റിയില്‍ ജോലിക്ക് എത്തുകയുംചെയ്തു.ഞായറാഴ്ച രാത്രിയാണ് രുപാലിനെ ഫ്ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.