കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരെ വീണ്ടും അധിക്ഷേപം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിലാണ് അധിക്ഷേപ പരാമർശം.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വിജയത്തിനായി നിവേദനം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറിയിലാണ് ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥത തേടുന്ന വിധത്തിലുള്ള കുറിപ്പ് പതിച്ചിരിക്കുന്നത്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി..സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ’എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
പോസ്റ്ററിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളി പള്ളിയെയും ടാഗ് ചെയ്ത് സൈബർ ഇടങ്ങളില് ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വിവാദ പോസ്റ്ററും ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ ചിത്രവും ചേർത്തുവെച്ചാണ് പോസ്റ്റുകള് സാമൂഹ്യമാധ്യമങ്ങളില്
പ്രചരിപ്പിക്കുന്നത്. ‘ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സഖാവ് ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം.’ അതേസമയം ഉമ്മന് ചാണ്ടിയെയും സഭയെയും പള്ളിയെയും അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. മരിച്ചിട്ടും ഉമ്മന് ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാത്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
ഉമ്മൻചാണ്ടിയെ മരണശേഷവും വേട്ടയാടുകയാണെന്ന് പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപിച്ചു. ഇതുപോലൊരു ദിവസം തന്നെ ഇത്തരമൊരു സൈബർ ആക്രമണത്തിനായി തിരഞ്ഞെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സിബി ജോൺ കൊല്ലാട് പറഞ്ഞു.’നാളിതുവരെ ചെയ്യാത്ത ഇത്തരമൊരു നീക്കം ഇന്നു രാവിലെ ചെയ്തത് അങ്ങേയറ്റം തെറ്റായിപ്പോയി. ഇതിനോടുള്ള പ്രതികരണം എട്ടാം തീയതി അറിയാം. സിപിഎം ജനങ്ങളോടു മാപ്പു പറഞ്ഞേ തീരൂ’, ജോൺ കൊല്ലാട് പറഞ്ഞു.