ലഖ്നൗ: സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ ആഹ്വാനം ചെയ്തു.
മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. പ്രതീകാത്മകമായി ഉദയനിധിയുടെ തലവെട്ടുന്നതും, അദ്ദേഹത്തിന്റെ ചിത്രം കത്തിക്കുന്നതുമായ വീഡിയോയും ഇയാള്‍ പങ്കുവെച്ചു. ‘ഉദയനിധി മൂര്‍ദാബാദ്, ഡി.എം.കെ നേതാ മൂര്‍ദാബാദ്’ എന്നാണിയാള്‍ വീഡിയോയിലൂടെ പറയുന്നത്
‘‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകൾ.
എന്നാല്‍ സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കി.
‘ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ലെന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞു. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ’ – മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകനുമായ ഉദയനിധി പറഞ്ഞു. താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതും വേർതിരിക്കുന്നതുമാണു ചോദ്യം ചെയ്തതെന്നും ഉദയനിധി വിശദീകരിച്ചു. .
നിലപാടിൽനിന്നു പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച അദ്ദേഹം പ്രത്യാഘാതം നേരിടാൻ തയാറാണെന്നും ഭീഷണി കണ്ടു തളരില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുക്ത ഭാരതം എന്നു പതിവായി പറയുന്നതിന്റെ അർഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊന്ന് തീര്‍ക്കണമെന്നാണോ, അല്ലല്ലോ. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂ.
സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന പ്രചരണത്തിലാണ് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്നത്. എന്നാല്‍ വംശഹത്യയല്ല താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നാണ് വിഷയത്തില്‍ ഉദയനിധിയുടെ വിശദീകരണം. ‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോദി പറയുന്നതിനര്‍ഥം കോണ്‍ഗ്രസുകാരെയെല്ലാം കൊന്ന് തീര്‍ക്കണമെന്നാണോ, അല്ലല്ലോ. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂ.