
മണിപ്പുരില്‍ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് അയവില്ല. പര്‍വതമേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. എന്നാല്‍ ഇതുവരെ 31 പേര് കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ ആരാധനാലയങ്ങള്‍ തകര്‍ത്തു. സംഘര്‍ഷബാധിത മേഖലകളില്‍നിന്ന് 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിനും റദ്ദാക്കി. അവിടെ കുടുങ്ങിയ മറ്റ് സംസ്ഥാനക്കാരെ മടക്കിക്കൊണ്ടുവരാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നു.
ചുരാചന്ദ്പുര്‍, ബിഷ്ണുപുര്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ തുടര്‍ച്ചയായി വെടിയൊച്ച മുഴങ്ങുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും വിവിധ ഇടങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. എട്ട് ജില്ലയില്‍ നിശാനിയമം തുടരുന്നു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇംഫാലില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ബിജെപി എംഎല്‍എ വുങ്സാഗിന്‍ വാല്‍ട്ടെയുടെ നില ഗുരുതരമായി തുടരുകയാണ്.
കര്‍ണാടകത്തിലെ പ്രചാരണം വെട്ടിച്ചുരുക്കി ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹിയിലെത്തി. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു. കലാപം തടയുന്നതില്‍ പരാജയപ്പെട്ട അമിത് ഷായെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമുദായസൗഹാര്‍ദ്ദം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഐ എം മണിപ്പുര്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മെയ്ത്തീ സമുദായത്തെ പട്ടികവര്‍ഗക്കാരായി പ്രഖ്യാപിക്കണമെന്ന ആവശ്യം, പര്‍വതമേഖലകളിലെ ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കല്‍, കുക്കി കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.
17 പള്ളികള്‍ തകര്‍ത്തു : സഭ
മണിപ്പൂരില്‍ കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണെന്ന് ബംഗളരു ആര്‍ച്ച് ബിഷപ്പ് റവ.ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംഘര്‍ഷത്തില്‍ 17 പള്ളി ഇതിനകം തകര്‍ക്കപ്പെട്ടു. 1974ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും നിരവധി വീടുകളും ഇതിനകം തീയിട്ടു. 41% ക്രൈസ്തവജനസംഖ്യയുള്ള സംസ്ഥാനത്ത് അവര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രദേശത്ത് സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ആക്രമണത്തിനു പിന്നില്‍ ക്രൈസ്തവ സഭയെന്ന് ഓര്‍ഗനൈസര്‍
ക്രൈസ്തവ സഭകളുടെ പിന്തുണയിലാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ആര്‍എസ്എസ് പ്രസിദ്ധീകരണം ‘ഓര്‍ഗനൈസര്‍’. ഹിന്ദുഭൂരിപക്ഷ മേഖലകളില്‍നിന്ന് ആളുകള്‍ പലായനം ചെയ്തതായും ഓര്‍ഗനൈസര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയില്‍ സായുധ ആക്രമണമാണ് നടക്കുന്നത്. ഹിന്ദുക്കള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ കാരണം അവ്യക്തമാണെന്നും പറഞ്ഞു.
മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
മണിപ്പുരില്‍ കുടുങ്ങിയ ഒമ്ബത് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. മണിപ്പുര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണില്‍ ബന്ധപ്പെടാനായെന്ന് ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു.
കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി അബ്ദുല്‍ ബാസിത്, കൊട്ടിയൂര്‍ സ്വദേശി ശ്യാം കുമാര്‍, മലപ്പുറം വട്ടംകുളം സ്വദേശി ആര് നവനീത്, പുള്ളിപറമ്ബ് സ്വദേശി ഫാത്തിമ ദില്‍ന, കൊണ്ടോട്ടി സ്വദേശി എം സി റെനിയ , വയനാട് പുല്‍പ്പള്ളി സ്വദേശി ആദിത്യ രവി, പാലക്കാട് പഴയലക്കിടി സ്വദേശി സി എസ് ഷഹ്ല, കോഴിക്കോട് കക്കോടി സ്വദേശി ആര് എസ് അനൂപ്, ചേമഞ്ചേരി സ്വദേശി എസ് ബി റിതിന് എന്നിവരുമായാണ് ബന്ധപ്പെട്ടത്. ഇവര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. നോര്‍ക്കയും ഡല്‍ഹി കേരള ഹൗസും സംയുക്തമായിട്ടായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും കൂടുതല്‍ മലയാളികള്‍ മണിപ്പുരില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും സഹായമെത്തിക്കുമെന്നും കെ വി തോമസ് അറിയിച്ചു.
മണിപ്പുരിലും ‘ഇരട്ട എന്ജിന്’ പരാജയം
മണിപ്പുരില്‍ ആഴ്ചകള്‍ക്കുമുമ്ബേ തലപൊക്കിയ അസ്വസ്ഥതകള്‍ പരിഹരിക്കാതെ വഷളാക്കിയത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–- സംസ്ഥാന സര്‍ക്കാരുകള്‍.
ഭരണനേതൃത്വം സംസ്ഥാനത്ത് ധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം എംഎല്‍എമാര്‍ നേരത്തെ ഡല്‍ഹിയില്‍ എത്തി. മുഖ്യമന്ത്രി ബീരന്‍ സിങ്ങിനെ മാറ്റണമെന്ന് ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ആലോചനകളിലായിരുന്നു. കലാപത്തില്‍ മണിപ്പുര്‍ കത്തിയെരിയുമ്ബോഴും ഇരുവരും കര്‍ണാടകത്തില്‍ പ്രചാരണത്തിരക്കിലായിരുന്നു. വെള്ളിയാഴ്ചയാണ് പരിപാടികള്‍ വെട്ടിച്ചുരുക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മ്യാന്മറുമായി ദീര്‍ഘമായ അതിര്‍ത്തിയുള്ള തന്ത്രപ്രധാന സംസ്ഥാനമായ മണിപ്പുരില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ ‘ഇരട്ട എന്ജിന്’ സര്‍ക്കാരുകള്‍ ഒരേപോലെ വീഴ്ച വരുത്തി. ദേശീയ സുരക്ഷാ ഏജന്‍സികളും പരാജയമായി.
മണിപ്പുര്‍ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന മെയ്ത്തീ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമാണ് കലാപത്തിന് വഴിയൊരുക്കിയത്. പ്രധാന താഴ്വരയില് അധിവസിക്കുന്ന മെയ്ത്തീ സമുദായക്കാര്‍ രാഷ്ട്രീയത്തിലും ഇതരമേഖലകളിലും പ്രബലരാണ്. 60 അംഗ നിയമസഭയിലെ 40 പേരും ഈ സമുദായത്തില്‍നിന്നുള്ളവരാണ്. ഹിന്ദു പട്ടികജാതി, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ് മെയ്ത്തീ സമുദായത്തിലെ ഭൂരിപക്ഷം പേരും. സര്‍ക്കാര്‍ നീക്കത്തെ കുക്കി, നാഗ ഗോത്രങ്ങള്‍ എതിര്‍ക്കുന്നു. മെയ്ത്തീ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നത് ഉടന്‍ പരിഗണിക്കാന്‍ മണിപ്പുര്‍ ഹൈക്കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. സംരക്ഷിത വനമേഖലകളില്‍നിന്ന് ഗോത്രവര്‍ഗക്കാരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിക്കുന്നതും സംഘര്‍ഷം ആളിക്കത്തിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]