

ലക്നൗ: വോട്ടർമാരെ ഭീഷണിപ്പെടുത്തി ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി. ബുദൗണിലെ എസ്പി സ്ഥാനാർത്ഥിയായ ശിവ്പാൽ യാദവ് ആണ് എല്ലാവരും തനിക്ക് വോട്ട് ചെയ്യണമെന്ന് ഭീഷണി മുഴക്കുന്നത്. അല്ലാത്ത പക്ഷം പ്രത്യാഘാതം ഉണ്ടാകുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിൽ ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗറിൽ നിന്നുള്ള എസ്പി എംഎൽഎയാണ് ശിവ്പാൽ യാദവ്.
ഒരു പൊതുവേദിയിൽ വച്ചാണ് ശിവ്പാൽ യാദവ് ഇപ്രകാരം പറയുന്നത്. ” ഞങ്ങൾ നിങ്ങളിൽ നിന്ന് വോട്ട് തേടും, എല്ലാവരും ഞങ്ങൾക്ക് തന്നെയാണ് വോട്ട് ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. അല്ലാത്തപക്ഷം നമ്മൾ തമ്മിൽ വീണ്ടും കാണേണ്ടി വരും, അപ്പോൾ നമുക്ക് ആ പ്രശ്നം പരിഹരിക്കാം” എന്നും ഇയാൾ വീഡിയോയിൽ പറയുന്നത് വ്യക്തമാണ്.
സഹസ്വനിൽ നിന്നുള്ള എസ്പി എംഎൽഎ ആയ ബ്രജേഷ് യാദവും ശിവ്പാൽ യാദവിന്റെ മകനും ഈ സമയം വേദിയിൽ ഉള്ളതായി വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ ശിവ്പാൽ യാദവിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ വീഡിയോയിലെ ഒരുഭാഗം മാത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് ബ്രജേഷ് യാദവിന്റെ വാദം. മാർച്ച് 15ന് ഗുന്നൗറിലേക്ക് പോകുന്നതിനിടെ എടുത്തതാണ് ഈ വീഡിയോ എന്നും, ബുദൗണിൽ വച്ച് അദ്ദേഹം സംസാരിച്ചത് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ബ്രജേഷ് പറയുന്നു.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബുദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. ” വീഡിയോയുടെ പൂർണരൂപം കണ്ടെത്തിയിട്ടുണ്ട്. വീഡിയോ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറണമെന്ന് യുപി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഉള്ളടക്കം പരിശോധിച്ച് വരികയാണ്. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും” മനോജ് കുമാർ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ബുദൗണിൽ വോട്ടെടുപ്പ് നടക്കുന്നത്.