
സ്വന്തം ലേഖിക
കോട്ടയം: 2022-23 സാമ്പത്തിക വർഷത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് വേതനം കൃത്യമായി നൽകുന്നതിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയെ അഭിനന്ദിച്ച് ആന്റോ ആന്റണി എം.പി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98.98 ശതമാനമാണു കോട്ടയം ജില്ലയുടെ സമയബന്ധിത വേതന വിതരണ നിരക്ക്.
സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച ലേബർ ബജറ്റിൽ 103% തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു നൽകിയതിനും ജില്ലയെ ആന്റോ ആന്റണി എം.പി. അഭിനന്ദിച്ചു.
വിവിധ വകുപ്പുകളിലെ കേന്ദ്രാവിഷ്കൃത ഫണ്ടുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തികൾ, എം.പി ലാഡ്സ് എന്നിവയുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി.
എം.പി ലാഡ്സുമായി ബന്ധപ്പെട്ട് 374.45 ലക്ഷം രൂപയുടെ പ്രവർത്തികളായിരുന്നു ആന്റോ ആന്റണി എം.പി നിർദ്ദേശിച്ചിരുന്നത്. 249.29 ലക്ഷം രൂപയുടെ പ്രവർത്തികൾക്കാണു ഭരണാനുമതി ലഭിച്ചത്. ഇതിൽ 73.63 ലക്ഷം രൂപ അനുവദിച്ചതിൽ 64.91 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഭരണാനുമതി ലഭിച്ചിട്ടുള്ള എല്ലാ പ്രവർത്തികളും അനുയോജ്യമായ കാലാവസ്ഥ മുൻനിർത്തി പൂർത്തിയാക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് എം.പി നിർദ്ദേശം നൽകി. റോഡുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, വെയ്റ്റിംഗ് ഷെഡ് എന്നിവ നിർമ്മിക്കുന്നതിനായി ആവശ്യമായ പരിശോധനകൾ നടത്തി എൻ.ഒ.സി ലഭ്യമാക്കണമെന്ന് പി.ഡബ്ല്യൂ.ഡി, കെ.എസ്.ടി.പി, ദേശീയപാത എന്നീ വകുപ്പുകളോട് ആവശ്യപ്പെട്ടു.
സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിന് വാഴൂർ ബ്ലോക്കിനെ എം.പി യോഗത്തിൽ അഭിനന്ദിച്ചു.
പദ്ധതികളുടെ ഓരോ ഘട്ടത്തിലും പുരോഗതി വിലയിരുത്തിക്കൊണ്ടുള്ള വിവരങ്ങൾ എം.പി ക്ക് ലഭ്യമാക്കണം. പദ്ധതികളുടെ പൂർത്തീകരണത്തിൽ ചെറിയ കാലതാമസങ്ങൾ ഒഴിവാക്കിയാൽ ഉദ്യോഗസ്ഥരുടെ സഹകരണം തൃപ്തികരമായിരുന്നെന്നും എം.പി പറഞ്ഞു.
എ.ഡി.എം റെജി പി ജോസഫ്, എൽ. എ ഡെപ്യൂട്ടി കളക്ടർ (എൽ.എ) കെ.എം. മുഹമ്മദ് ഷാഫി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ് ഷിനോ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]