
പത്തനംതിട്ട
അഞ്ചുദിവസമായി പത്തനംതിട്ടയിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ കിരീടം ചൂടി തേവര എസ്എച്ച് കോളേജ്. 131 പോയിന്റ് നേടിയാണ് കിരീടത്തിൽ മുത്തമിട്ടത്. 68 പോയിന്റുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജാണ് രണ്ടാമത്. എറണാകുളം മഹാരാജാസ് 67 പോയിന്റുമായി മൂന്നാമതെത്തി. കലാതിലകം, പ്രതിഭ എന്നിവരെ കോടതിവിധിക്കു വിധേയമായി പിന്നീട് പ്രഖ്യാപിക്കും. ഇത്തവണയും ആദ്യംമുതൽ തേവര എസ്എച്ചിന്റെ സർവാധിപത്യമായിരുന്നു. 2018ൽ പിടിച്ചടക്കിയ കിരീടം അവർ കാര്യമായ വെല്ലുവിളി നേരിടാതെ നിലനിർത്തുകയായിരുന്നു. മഹാരാജാസ് ആദ്യദിനങ്ങളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് തൃപ്പൂണിത്തുറ ആർഎൽവി രണ്ടാമതെത്തി.
എറണാകുളത്തെ കോളേജുകൾതന്നെയായിരുന്നു ആദ്യദിനംമുതൽ മുന്നിൽ. ഇതിൽ ആർഎൽവി തൃപ്പൂണിത്തുറ, ആലുവ സെന്റ് സേവ്യേഴ്സ് എന്നിവയുടെ പ്രകടനം ശ്രദ്ധേയമായി. മികച്ച പ്രകടനം നടത്തിയ മറ്റ് കോളേജുകളുടെ പോയിന്റ് നില: സിഎംഎസ് കോട്ടയം–- 50, ആലുവ സെന്റ് സേവ്യേഴ്സ്–- 27, എംഇഎസ് മാറമ്പള്ളി, പാലാ സെന്റ് തോമസ്–- 22, ബിസിഎം കോട്ടയം– -21.
സമാപന സമ്മേളനം ചലച്ചിത്രസംവിധായകൻ എബ്രിഡ് ഷൈൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ അധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ ഷാൻവി ശ്രീവാസ്തവ, സൂരജ് എസ് കുറുപ്പ്, അനശ്വര രാജൻ, കൈലാഷ് എന്നിവർ മുഖ്യാതിഥികളായി.
പ്രോ–-വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് നാരായൺ എംഎൽഎ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ റോഷൻ റോയ് മാത്യു എന്നിവർ സംസാരിച്ചു. സംവിധായകൻ ഡോ. ബിജു ഫലം പ്രഖ്യാപിച്ചു.
ജനറൽ കൺവീനർ ശരത് ശശിധരൻ സ്വാഗതവും സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പി എസ് വിപിൻ നന്ദിയും പറഞ്ഞു. തുടർന്ന് സമ്മാനദാനം നടത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന് സ്വാഗതസംഘം നൽകുന്ന പ്രത്യേക പുരസ്കാരം തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ തൻവി രാഗേഷിന് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]