
കൊച്ചി: ട്വന്റി 20 പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കിഴക്കമ്പലത്ത് ട്വന്റി 20യില്‍ ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുള്‍ റഹ്മാന്, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദീന്‍ , നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്സി എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 12ന് വീടിന് സമീപം വച്ചാണ് ദീപുവിന് ക്രൂരമായി മര്‍ദനമേല്‍ക്കുന്നത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പി.വി. ശ്രീനിജന് എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വന്റി 20 സമരം നടത്തിയരുന്നു.
രാത്രി ഏഴിന് വിളക്കുകള്‍ അണച്ചുകൊണ്ടായിരുന്നു സമരം. സമരത്തിനിടെ ദീപുവിനെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഒന്നാംപ്രതി സൈനുദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചു തള്ളി. താഴെ വീണ ദീപുവിന്റെ തലയില്‍ ചവിട്ടി. മറ്റു പ്രതികളും മര്‍ദിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. നാല് പ്രതികളും ഇപ്പോള്‍ ജയിലിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]