
ആലപ്പുഴ: ഹോട്ടൽ ഭക്ഷണത്തിന് അമിത വിലയീടാക്കിയെന്ന പി പി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ നടപടി സാധ്യമല്ലെന്ന് ആലപ്പുഴ കളക്ടർ രേണുരാജ്. ഇതിന് നിലവിൽ നിയമം ഇല്ലാത്തതാണ് കാരണമെന്നും ബുദ്ധിമുട്ട് വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ജിഎസ്ടി ഉൾപ്പെടെ 184 രൂപ ഈടാക്കിയെന്ന് കാട്ടി കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെയാണ് എംഎൽഎ പരാതി നൽകിയത്.
ഈ ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎൽഎ ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ നടപടി വേണമെന്നും ചിത്തരഞ്ജൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജില്ലാ സപ്ലൈ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നുവെന്ന് കളക്ടർ പറഞ്ഞു.
പിന്നീട് നടന്ന മന്ത്രിയുടെ ഓൺലൈൻ യോഗത്തിലും വിഷയം ചർച്ചയായി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഊർജിത നടപടികളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]