
മുംബൈ
കൈവിട്ട കളി തിരിച്ചുപിടിച്ച് ദിനേശ് കാർത്തിക്കും (23 പന്തിൽ 44*) ഷഹബാസ് അഹമ്മദും (26 പന്തിൽ 45). രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റിൽ രണ്ടാംജയം നേടി. 170 റൺ വിജയലക്ഷ്യത്തിലേക്ക് നീങ്ങവെ 5–-87ന് തകർന്ന ബാംഗ്ലൂരിനെ ഇരുവരും ചേർന്നാണ് ഉയർത്തിയത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 67 റൺ നിർണായകമായി.
സ്കോർ: രാജസ്ഥാൻ 3–-169, ബാംഗ്ലൂർ 6–-173 (19.1)
ബാംഗ്ലൂർ ക്യാപ്റ്റൻ ഡു പ്ലെസിസിനെയും (29) മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും (5) വേഗം മടക്കിയ രാജസ്ഥാൻ തുടർച്ചയായ മൂന്നാംവിജയം മണത്തതാണ്. എന്നാൽ, ആറാമൻ ഷഹബാസും ഏഴാമൻ ദിനേശ് കാർത്തിക്കും അവരുടെ മോഹം തകർത്തു. കാർത്തിക് ഏഴ് ഫോറും ഒരു സിക്സറുമടിച്ച് പുറത്താകാതെനിന്നു. ഷഹബാസ് നാല് ഫോറും മൂന്ന് സിക്സറും നേടി. ഓപ്പണർ ജോസ് ബട്ലറാണ് രാജസ്ഥാന് പൊരുതാനുള്ള സ്കോർ നൽകിയത്. ബട്ലർ 47 പന്തിൽ 70 റണ്ണുമായി പുറത്താകാതെനിന്നു. ആറ് തകർപ്പൻ സിക്സറുകൾ ഇന്നിങ്സിന് അകമ്പടിയായി. ഷിംറോൺ ഹെറ്റ്മെയർ (31 പന്തിൽ 42*) മികച്ച പിന്തുണ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസണും കൂട്ടർക്കും തുടക്കം പിഴച്ചു. യശസ്വി ജയ്സ്വാളും (6 പന്തിൽ 4), സഞ്ജുവും (8 പന്തിൽ 8) വേഗം മടങ്ങി. ദേവ്ദത്ത് പടിക്കൽ 29 പന്തിൽ 37 റൺ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]