
മുംബൈ
ജോസ് ബട്ലർ ഒരിക്കൽക്കൂടി രാജസ്ഥാൻ റോയൽസിന്റെ രക്ഷകനായി. ഇംഗ്ലീഷ് ഓപ്പണറുടെ കരുത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ 170 റൺ വിജയലക്ഷ്യം കുറിച്ചു.
ബട്ലർ 47 പന്തിൽ 70 റണ്ണുമായി പുറത്താകാതെനിന്നു. ആറ് തകർപ്പൻ സിക്സറുകൾ ഇന്നിങ്സിന് അകമ്പടിയായി.
ഷിംറോൺ ഹെറ്റ്മെയർ (31 പന്തിൽ 42*) മികച്ച പിന്തുണ നൽകി. തുടക്കം റൺ കണ്ടെത്താൻ വിഷമിച്ച ഇരുവരും നാലാം വിക്കറ്റിൽ 51 പന്തിൽ 83 റൺ ചേർത്തു.
രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 റൺ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസണും കൂട്ടർക്കും തുടക്കം പിഴച്ചു.
യശസ്വി ജയ്സ്വാളും (6 പന്തിൽ 4), സഞ്ജുവും (8 പന്തിൽ 8) വേഗം മടങ്ങി. രണ്ടാം ഓവറിൽ ജയ്സ്വാളിനെ മടക്കി ഡേവിഡ് വില്ലി ബാംഗ്ലൂരിന് സന്തോഷം നൽകി.
രണ്ടാംവിക്കറ്റിൽ ബട്ലറും ദേവ്ദത്ത് പടിക്കലും (29 പന്തിൽ 37) രാജസ്ഥാനെ കരകയറ്റി. ഈ കൂട്ടുകെട്ട് 49 പന്തിൽ 70 റൺ ചേർത്തു.
രണ്ടുവീതം സിക്സറും ഫോറും പായിച്ച ദേവ്ദത്തിനെ ഹർഷൽ പട്ടേലിന്റെ പന്തിൽ വിരാട് കോഹ്ലി മികച്ച ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ സഞ്ജു, വണിന്ദു ഹസരങ്കയുടെ സ്പിന്നിനുമുന്നിൽ പതറി.
ഒരു സിക്സർ പായിച്ചെങ്കിലും അലക്ഷ്യമായ ഷോട്ടിൽ ഹസരങ്കയ്ക്ക് പിടിനൽകി. ആകാശ്ദീപിന്റെ ഏഴാം ഓവറിൽ രണ്ടുതവണ ബട്ലറെ പുറത്താക്കാൻ കിട്ടിയ അവസരം ബാംഗ്ലൂർ പാഴാക്കി.
ബട്ലറുടെ സ്കോർ അപ്പോൾ 10 റണ്ണായിരുന്നു. ആദ്യം ആകാശ്ദീപ് റിട്ടേൺ ക്യാച്ച് നഷ്ടമാക്കിയപ്പോൾ ഡേവിഡ് വില്ലി കയ്യിൽകിട്ടിയ പന്ത് നിലത്തിട്ടു.
മധ്യ ഓവറുകളിൽ വിഷമിച്ച ബട്ലറും ഹെറ്റ്മെയറും പിന്നീട് കത്തിക്കയറി. അവസാന രണ്ടോവറിൽ 43 റണ്ണടിച്ചു.
തുടർച്ചയായ നാല് പന്തുകളിലും സിക്സർ പായിച്ചായിരുന്നു ബട്ലർ രാജസ്ഥാനെ ഉയർത്തിയത്. ഹെറ്റ്മെയർ രണ്ട് സിക്സറും നാല് ഫോറും നേടി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]