
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ രഹസ്യപോലീസ്. പാര്‍ട്ടി കോണ്‍ഗ്രസിന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രരഹസ്യാന്വേഷണ സംഘമടക്കം കണ്ണൂരില്‍ എത്തിയിരിക്കുന്നത്. കേന്ദ്രസംഘത്തെ കൂടാതെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനം കൂടുതലുള്ള പ്രദേശങ്ങളായതുകൊണ്ടാണ് ഇവിടെനിന്നുള്ള രഹസ്യ പോലീസ് എത്തിയിരിക്കുന്നത്.
കൂടാതെ, ഇവിടങ്ങളിലുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള ലിസ്റ്റ് സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ അഡീഷണല്‍ എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ഏകോപിപ്പിക്കാനായി ഉത്തരമേഖലാ ഐജി അശോക് യാദവ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ കണ്ണൂരിലുണ്ടാകും.
മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലും മറ്റു സ്ഥലങ്ങളിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രത്യേക സുരക്ഷയുണ്ട്. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളടക്കം കണ്ണൂരില്‍ എത്തികഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കണ്ണൂരില്‍ 1700ഓളം പോലീസ് നിലവില്‍ എത്തിയിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന പ്രധാന സ്ഥലങ്ങളായ നായനാര്‍ അക്കാഡമിയിലും ടൗണ്‍ സ്ക്വയറിലും പോലീസ് മൈതാനിയിലുമെല്ലാം രണ്ട് ദിവസമായി പോലീസ് തമ്പടിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സ്ഥലത്തും അനുബന്ധ പരിപാടികള്‍ നടക്കുന്നിടത്തും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
കണ്ണൂര്‍ ആര്‍ഡിഒ കെ.കെ. ദിവാകരനാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഒരു ദിവസം രണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ക്കാണ് ചുമതല. ഏഴ് ലക്ഷത്തോളം പേര് കണ്ണൂരിലെത്തുന്നത് കൊണ്ടുതന്നെ നാളെ മുതല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് പോലീസ് കണക്കുകൂട്ടല്‍. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പോലീസിന്റെ രണ്ട് ടീമിനെ നിയമിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗും പരിശോധനയും ശക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]