
ക്യൂബ> കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത അബ്ഡല(സിഐജിബി -66) പ്രതിരോധ വാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായതായി വിദഗ്ധർ. ഇതിനുള്ള വിശദമായ റിപ്പോർട്ടുകളും രേഖകളും അടങ്ങിയ ഫയലുകൾ തയ്യാറാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനവഴി വാക്സിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള പ്രയാണത്തിലെ ആദ്യ ചുവടുകളിലാണ് ക്യൂബ. തദ്ദേശീയമായി വികസിപ്പിച്ച അഞ്ച് വാക്സിനുകളുമായാണ് ക്യൂബ കോവിഡ് പ്രതിരോധ പോരാട്ടത്തിനിറങ്ങിയത്. പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ക്യൂബയ്ക്ക് തദ്ദേശീയർക്കായി ഉന്നത ഫലപ്രാപ്തിയുള്ള വാക്സിനുകൾ തയ്യാറാക്കാനായിരുന്നു.
വാക്സിൻ സംബന്ധിച്ച രേഖകളിന്മേലുള്ള വിദഗ്ധ പരിശോധനയ്ക്ക് തയ്യാറാണെന്ന് യു എൻ ഏജൻസിയെ അറിയിച്ചതായി ബയോടെക്നോളജിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഗ്രൂപ്പായ ബയോ ക്യൂബ ഫാർമ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്ലിനിക്കൽ-പ്രിക്ലിനിക്കൽ ഗവേഷണങ്ങൾ, മരുന്ന് ഉല്പാദനം തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബയോ ക്യൂബ ഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് വ്യക്തമാക്കി. നിർമാണ കേന്ദ്രത്തിൽ നടത്തുന്ന പരിശോധനകളിലൂടെ പ്രവർത്തനാനുമതിയും ലോകാരോഗ്യ സംഘടന അംഗീകരിച്ച ഉല്പന്നങ്ങളുടെ ലിസ്റ്റിൽ ഇടവും നേടാനാകുമെന്ന പ്രതീക്ഷയും മാർട്ടിനെസ് പങ്കുവച്ചു.
ക്യൂബൻ ജനസംഖ്യയുടെ 89.5 ശതമാനം ആളുകൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരാണ്. അമ്പത് ശതമാനത്തിലധികം പേർ ബൂസ്റ്റർ വാക്സിനും സ്വീകരിച്ച് കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]