
കൊല്ലം> പരിചയം നടിച്ച് ഒപ്പമിരുന്ന് മദ്യപിച്ചശേഷം എടിഎം കാർഡ് തട്ടിയെടുത്ത് പണം അപഹരിക്കുന്നതായ പരാതിയിൽ ഒരാൾകൂടി അറസ്റ്റിൽ. കന്റോൺമെന്റ് ഡിപ്പോ സ്വദേശിയും ഇപ്പോൾ ചാത്തിനാംകുളത്ത് താമസിക്കുന്നയാളുമായ മനു എന്ന ജോൺ വർഗീസ് ആണ് മൂവാറ്റുപുഴയിൽനിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്. പോളയത്തോട് ബീമാ മന്സിലിൽ നാഷണൽ നഗർ 107ൽ സൈക്കിൾ സുധീർ എന്ന സുധീറിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. വെഞ്ഞാറംമൂട് സ്വദേശി ബാബു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരെയും കോടതി റിമാൻഡുചെയ്തു.
കൊല്ലം ടൗണും ബീച്ചും കേന്ദ്രീകരിച്ച് രാത്രിയിൽ ഒറ്റയ്ക്ക് കാണുന്നവരെയും ലഹരിക്ക് അടിമപ്പെട്ടവരെയുമാണ് ഇവർ ചതിയിൽ വീഴ്ത്തുന്നത്. ലഹരിക്ക് അടിപ്പെട്ടവരുമായി ചങ്ങാത്തം കൂടി കൂടുതൽ മദ്യപിപ്പിച്ച ശേഷം അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം വാങ്ങും. പിൻ നമ്പർ മനസ്സിലാക്കിയശേഷം എടിഎം കാർഡ് മോഷ്ടിച്ച് പണം അപഹരിക്കും. പണം കൈക്കലാക്കിയാൽ കുറച്ചുദിവസം കൊല്ലത്തുനിന്ന് മാറിനിൽക്കും.
കഴിഞ്ഞ 26ന് ബാബുവിനെ ബൈക്കിൽ കയറ്റി പാരിപ്പള്ളിയിലെ ബാറിൽ കൊണ്ടുപോയി അമിതമായി മദ്യം നൽകിയശേഷം എടിഎം കാർഡും ഒന്നരപ്പവന്റെ മാലയും മോഷ്ടിച്ചു. അബോധാവസ്ഥയിലായ ബാബുവിനെ പാരിപ്പള്ളിക്ക് സമീപത്തെ ആക്രിക്കടയിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രതികൾ കല്ലുവാതുക്കൽ, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലെ എടിഎമ്മിൽനിന്ന് 45,000 രൂപ കൈക്കലാക്കി ഒളിവിൽ പോയി.
ജോൺ വർഗീസ് മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴ കബനി ബാറിനു സമീപത്തുനിന്നാണ് പിടികൂടിയത്. എസ്ഐ ആർ രതീഷ് കുമാർ, ജി എസ്ഐ ജയലാൽ, സിപിഒമാരായ സുനീഷ്, അനു, ശ്യാം, രമേശ് കുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. സുധീറിനെ കഴിഞ്ഞ ദിവസം എസ്ഐ ജെയിംസ്, എഎസ്ഐ പ്രമോദ്, സിപിഒ പ്രജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികൾ നിരവധിപേരെ കബളിപ്പിച്ച് പണം അപഹരിച്ചതായി വിവരം ലഭിച്ചെന്ന് എസ്എച്ച്ഒ ആർ രതീഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]