

കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ഇപി താമരശേരി രൂപത ബിഷപ്പിനെയും വിമർശിച്ചു.വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകൾ അവസാനിപ്പിക്കണമെന്നും ജയരാജൻ പറഞ്ഞു.
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനിടെ ജനങ്ങളുടെ പ്രതിഷേധങ്ങളെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ തന്നെ രംഗത്തെത്തിയത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ദിനം പ്രതി വന്യമൃഗ ശല്യം രൂക്ഷമായിട്ടും ഇത് ചെറുക്കാനുള്ള ഒരു നിർണായക ഇടപെടലും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.
സർക്കാരിന്റെ അലംഭാവം ചൂണ്ടിക്കാട്ടി വിമർശനവുമായി താമരശേരി രൂപത ബിഷപ്പും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാൻ കഴിഞ്ഞില്ലെങ്കില്‍ രാജി വച്ച് ഇറങ്ങിപ്പോകണമെന്നാണ് സര്‍ക്കാരിനെതിരായി ബിഷപ്പ് പറഞ്ഞത്.സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങൾക്കെതിരെയെന്നാണ് ഇതിന് ഇപി ജയരാജൻ പറഞ്ഞത്.