പാട്ന: ആശുപത്രി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജെഡിയു എംഎൽഎ നരേന്ദ്രകുമാർ നീരജ്. കൊച്ചുമകളേയും കൊണ്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എവിടെ പോകുമ്പോഴും തോക്ക് കൊണ്ടു പോകുന്നത് തന്റെ ശീലമാണെന്നും, സ്വയം പ്രതിരോധത്തിനാണ് തോക്ക് കയ്യിൽ കരുതുന്നതെന്നുമാണ് ഇയാളുടെ വാദം.
ഗോപാൽപൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നരേന്ദ്രകുമാർ. ഭഗൽപൂരിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ സിടി സ്കാൻ നടത്തുന്നതിനാണ് നരേന്ദ്രകുമാർ എത്തിയത്. കയ്യിൽ തോക്ക് പിടിച്ച് ആശുപത്രിക്കുള്ളിലൂടെ നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആരെങ്കിലും തന്നെയോ തന്റെ കുടുംബത്തെയോ ഉപദ്രവിക്കാൻ ശ്രമിച്ചാൽ വെടിവയ്ക്കാൻ മടിക്കില്ലെന്നും നരേന്ദ്രകുമാർ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഇയാൾ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും, തോക്ക് ഇല്ലാതെ എവിടെയും പോകില്ലെന്നും നരേന്ദ്രകുമാർ പറയുന്നു. കയ്യിൽ അല്ലെങ്കിൽ അരയിൽ തോക്ക് എപ്പോഴും ഉണ്ടാകും. ഈ ശൈലി തന്റെ വോട്ടമാർക്ക് പ്രശ്നമല്ലെന്നും നരേന്ദ്രകുമാർ പറഞ്ഞു.
ചികിത്സയ്ക്ക് കാലതാമസം വരുത്തിയെന്നാരോപിച്ച് ഒരു ഡോക്ടറെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ഇയാൾ നേരത്തേയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം അടിവസ്ത്രം മാത്രം ഇട്ട് നരേന്ദ്രകുമാർ ട്രെയിൻ യാത്ര നടത്തിയതും വലിയ വിവാദമായി മാറിയിരുന്നു.