

കോഴിക്കോട്: പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി. വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെരോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ അര കിലോമീറ്ററോളം നടന്നു ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.