
തേഞ്ഞിപ്പലം
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നയന ജയിംസിന്റെ ശക്തമായ തിരിച്ചുവരവിൽ കേരളത്തിന് ആദ്യ സ്വർണം. വനിതകളുടെ ലോങ്ജമ്പിൽ 6.47 മീറ്റർ താണ്ടിയാണ് നേട്ടം. ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും നേടി. 6.45 മീറ്ററാണ് ഏഷ്യൻ ഗെയിംസിന്റെ യോഗ്യതാ മാർക്ക്. ആൻസി സോജൻ (6.33) വെള്ളിയും സാന്ദ്ര ബാബു (6.32) വെങ്കലവും നേടിയപ്പോൾ ലോങ്ജമ്പ് പിറ്റിൽ കേരളത്തിന്റെ സമ്പൂർണ ആധിപത്യമായി.
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ മൂന്നാംദിനം വനിതകളുടെ ജാവലിൻത്രോയിൽ ഉത്തർപ്രദേശിന്റെ അന്നു റാണി (61.15 മീറ്റർ) സ്വർണം സ്വന്തമാക്കി ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും യോഗ്യത നേടി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ആന്ധ്രാപ്രദേശിന്റെ ജ്യോതി യെരാജി (13.09 സെക്കൻഡ്) ദേശീയ റെക്കോഡിനെക്കാൾ മികച്ച പ്രകടനം നടത്തിയെങ്കിലും കാറ്റിന്റെ ആനുകൂല്യമുണ്ടെന്ന് കണ്ടെത്തിയതിനാൽ റെക്കോഡ് ബുക്കിൽ ഇടമുണ്ടാകില്ല. പുരുഷ ഹൈജമ്പിൽ മഹാരാഷ്ട്രയുടെ സർവേഷ് കുഷാരെ 2.25 മീറ്റർ ഉയരംതാണ്ടി സ്വർണം നേടി. നാലാംദിനമായ ഇന്ന് എട്ട് ഫൈനലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]