
ഇസ്ലമാബാദ്: ദേശീയ അസംബ്ലി പിരിച്ചു വിട്ടതിന് പിന്നാലെ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ഇമ്രാൻ ഖാൻ. തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ അനുമതി ലഭിച്ചതോടെയാണ് പ്രസിഡന്റ് ആരിഫ് ആൽവിയ്ക്കും പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷെരീഫിനും ഗുൽസാറിന്റെ പേര് നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ കത്തെഴുതിയത്.
മുൻ പാക് പ്രധാനമന്ത്രിയും മുതിർന്ന പിടിഐ നേതാവുമായ ഫവാദ് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണിത്. പ്രധാനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും തുല്യ സമ്മതമുണ്ടെങ്കിൽ കാവൽ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റിന് ഭരണഘടന അനുമതി നൽകുന്നുണ്ട്. അതേസമയം ഇമ്രാൻ ഖാന്റെ നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല.
നടപടി നിയമിവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രസിഡന്റും പ്രധാനമന്ത്രിയും ചേർന്ന് നിയമം ലംഘിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം പ്രതിപക്ഷ നേതാവ് പേരുകളൊന്നും നിർദ്ദേശിച്ചില്ലെങ്കിൽ സ്പീക്കറും പിരിച്ചുവിട്ട ദേശീയ അസംബ്ലിയിലേയും സെനറ്റിലേയും എട്ട് അംഗങ്ങൾ ചേർന്നുള്ള കമ്മിറ്റി കെയർടേക്കർ പ്രധാനമന്ത്രിയെ നിർദ്ദേശിക്കുകയാണ് ചെയ്യുക.
കാവൽ പ്രധാനമന്ത്രിയുടെ കാര്യം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഇമ്രാൻ ഖാനോട് ഇടക്കാല പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ മുൻ ചീഫ് ജസ്റ്റിന്റെ പേര് നിർദ്ദേശിച്ച് എത്തിയത്. പാകിസ്താന്റെ 27-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഗുൽസാർ. 2019 ഡിസംബർ 21നാണ് ഇദ്ദേഹം ചീഫ് ജസ്റ്റിസ് ആയി അധികാരമേൽക്കുന്നത്. 2022 ഫെബ്രുവരിയിലാണ് വിരമിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]