
കൊച്ചി: ബ്രഹ്മപുര മാലിന്യ പ്ലാന്റിൽ തീ പടർന്ന് നഗരത്തിൽ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം കലക്ടറേറ്റിൽ യോഗം ഉടൻ ആരംഭിക്കും.
വിഷപ്പുക നഗരത്തിൽ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. മരട്, കുണ്ടന്നൂർ, കുമ്പളം ഭാഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാൽ അതിന്റെ മണവും വ്യാപകമായുണ്ട്.
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവിൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയര്‍ന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ഗ്രാം മാത്രമായിരുന്നു. പിഎം 10 മലിനീകരണ തോതും വർധിച്ചിട്ടുണ്ട്. 148.41 മൈക്രോ ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വര്‍ധന.
കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
The post കൊച്ചിയിലെ വിഷപ്പുക; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]