സ്വന്തം ലേഖകൻ
കോഴിക്കോട്:കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നു എന്ന പിടി ഉഷയുടെ ആരോപണത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്.
പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രമാണ്. പഞ്ചായത്തുമായി ചര്‍ച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണുള്ളത്.ഇതൊന്നും ഡല്‍ഹിയില്‍ പോയി പറയേണ്ട വിഷയമല്ല.ആര്‍ക്കെതിരയും ആക്രമണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തെ ഈ സ്ഥലത്ത് ചിലര്‍ അതിക്രമിച്ച് കടന്ന് ചെങ്കൊടി നാട്ടിയിരുന്നതായും ഉഷ ആരോപിച്ചു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജലജീവന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള പൈപ്പിടല്‍ പ്രവൃത്തിയാണ് നടത്തിയതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഉഷാ സ്കൂള്‍ ഓഫ് അതല്റ്റിക്സിന് കെ എസ് ഐ ഡി സി വിട്ടു നല്കിയ കിനാലൂരിലെ 30 ഏക്കര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതായാണ് പി ടി ഉഷയുടെ ആരോപണം.
ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തി വെച്ചത്. ഇവിടെ നേരത്തെ ചുവന്ന കൊടി കെട്ടിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയതിനു ശേഷം അഴിച്ചു മാറ്റി.ലഹരി മാഫിയയുടെ ശല്യം രൂക്ഷമാണെന്നും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും ഉഷ ആരോപിച്ചിരുന്നു.എം പി ആയതിനു ശേഷമാണ് അതിക്രമം വര്‍ധിച്ചതെന്നും ഉഷ ആരോപിച്ചു.
എന്നാല്‍ ഉഷയുടെ ആരോപണങ്ങള്‍ പനങ്ങാട് പഞ്ചായത്ത് തള്ളി. നിരവധി ആളുകള്‍ താമസിക്കുന്ന കാന്തലാട് മലയിലേക്കുള്ള റോഡ് ഉള്‍പ്പെടുന്ന സ്ഥലമാണ് നേരത്തെ കെ എസ് ഐ ഡി സി ഏറ്റെടുത്തതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഈ റോഡുള്‍പ്പെടെയുള്ള സ്ഥലമാണ് പിടി ഉഷക്ക് പിന്നീട് കൈമാറിയത്. പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററില്‍ ഉള്‍പ്പെടുന്ന റോഡില്‍ ജലജീവന്‍ പദ്ധതി പ്രകാരമുളള പൈപ്പിടലാണ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന് വ്യക്തമാക്കി.
The post പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രം; ഇതൊന്നും ഡല്‍ഹിയില്‍ പോയി പറയേണ്ട കാര്യമല്ല; ആര്‍ക്കെതിരയും ആക്രമണം ഉണ്ടായിട്ടില്ല; ഉഷയുടെ ആക്ഷേപം തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]