
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകരസംഘടന. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ വച്ച് ഹയാത് താഹ്രിർ അൽ-ഷമാം ഗ്രൂപ്പുമായി (എച്ച്ടിഎസ്) നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു. തുടർന്ന് ഭീകരസംഘടനയുടെ പുതിയ തലവനായി അബു ഹാഫ്സ് അൽ-ഹാഷിമി അൽ-ഖുറേഷിയെ പ്രഖ്യാപിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു.
അതേസമയം എപ്പോഴാണ് ഐഎസ് തലവൻ കൊല്ലപ്പെട്ടതെന്ന് സംഘടന പുറത്തുവിട്ടിട്ടില്ല. അബു ഹുസൈൻ അൽ-ഹുസൈനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന കാര്യം ടെലഗ്രാം ആപ്പിലെ ഒരു ചാനൽ മുഖേനയാണ് ഐഎസ് അറിയിച്ചത്. ഐഎസ് വക്താവിന്റെ ഒരു ഓഡിയോ സന്ദേശത്തിലാണ് ഇതുസംബന്ധിച്ച പ്രസ്താവനയുണ്ടായിരുന്നത്.
എന്നാൽ അബു ഹുസൈൻ അൽ-ഹുസൈനി എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനും സംഘടനയുടെ നേതാവുമായിരുന്ന വ്യക്തിയെ കഴിഞ്ഞ ഏപ്രിലിൽ കൊലപ്പെടുത്തിയെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പ്രഖ്യാപിച്ചിരുന്നു. തുർക്കിയുടെ ഇന്റലിജൻസ് സേനയാണ് ഐഎസ് തലവനെ വകവരുത്തിയതെന്നായിരുന്നു തുർക്കി പ്രസിഡന്റ് അറിയിച്ചത്. സിറിയയിലെ അഫ്രിൻ മേഖലയിൽ ഒളിച്ചുതാമസിക്കവെയാണ് തുർക്കി സൈന്യം ഓപ്പറേഷൻ നടത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നിരുന്നാലും കഴിഞ്ഞ വ്യാഴാഴ്ചയാണ് അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വക്താവിന്റെ അവകാശവാദം. യുഎസ് അടക്കമുള്ള പല രാജ്യങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഘടനയാണ് എച്ച്ടിഎസ്. ഭീകരസംഘടന ഇതുവരെയും ഐഎസ് തലവനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]