

ഇസ്ലമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും തിരിച്ചടി. 2018-ൽ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതനായെന്ന കേസിൽ ഇമ്രാനും ഭാര്യയ്ക്കും 7 വർഷത്തെ തടവ് കോടതി വിധിച്ചു. ഈ ആഴ്ചയിലെ മൂന്നാമത്തെ ശിക്ഷാ വിധിയാണ് ഇമ്രാൻ ഖാന് ലഭിക്കുന്നത്.
ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീവിയുമായുള്ള വിവാഹം ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ചാണ് റാവൽപിണ്ടി കോടതി 7 വർഷത്തേക്ക് ശിക്ഷ വിധിച്ചത്. 2018-ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. എന്നാൽ ഈ സമയം ബുഷ്റ മറ്റൊരാളുമായി വിവാഹിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം നിശ്ചിത സമയം കഴിഞ്ഞാൽ മാത്രമേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇസ്ലാമികനിയമം. ഈ നിയമം ലംഘിച്ചാണ് ഇരുവരും വിവാഹിതരായത്. ഇത് ചൂണ്ടിക്കാട്ടി ബുഷ്റയുടെ മുൻ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയതിലും തോഷഖാന കേസിസും ഇമ്രാൻ ഖാന് കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടു പോകാതിരിക്കാൻ രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയ സൈഫർ കേസിൽ 10 വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനുപുറമെ പ്രധാനമന്ത്രി പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ തോഷഖാന കേസിലും ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ 14 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. നിലവിൽ റാവൽപിണ്ടി ജയിലാണ് ഇമ്രാൻ ഖാൻ.