
കണ്ണൂർ
വായനമുറിയിൽ കോട്ടുമിട്ട് സ്വതസിദ്ധമായ ചിരിയോടെ ഇരിക്കുന്ന നായനാർ. ഓർമകളുടെ തിരയടിയിൽ വിതുമ്പി ശാരദ ടീച്ചർ… ‘എന്റെ മനസ്സൊന്ന് പതറി, എന്താ പറയാ… കൂടെയുള്ളതുപോലെ… ഇത്ര മനോഹരമായിരിക്കുമെന്നു പ്രതീക്ഷിച്ചില്ല’–- നായനാർ മ്യൂസിയത്തിലെത്തിയ നായനാരുടെ പ്രിയപത്നി ശാരദ ടീച്ചറുടെ വാക്കുകൾ മുറിഞ്ഞു. ശാരീരിക അവശതയ്ക്കിടയിലാണ് ടീച്ചർ എത്തിയത്. സിലിക്കൺ പ്രതിമ കണ്ടപ്പോൾത്തന്നെ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. അടുത്തുനിന്ന് ഫോട്ടോ എടുത്തപ്പോഴേക്കും വിതുമ്പി. ടീച്ചർക്കൊപ്പം മക്കളായ സുധ, ഉഷ, കൃഷ്ണകുമാർ, വിനോദ്കുമാർ, മരുമകൻ കെ സി രവീന്ദ്രൻ എന്നിവരുമുണ്ടായി.
നായനാരുടെ വായനമുറി, പുസ്തകങ്ങളും പത്രങ്ങളും എല്ലാം അതുപോലെതന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പ്, സീൽ, വസ്ത്രങ്ങൾ, ചെരിപ്പ്, ബാഗ്, കണ്ണട, പുസ്തകങ്ങൾ, പുരസ്കാരങ്ങൾ എന്നിവയെല്ലാം പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാദമിയിലെ രണ്ടാമത്തെ നിലയിൽ നായനാർ ജനിച്ചുവളർന്ന വീടും പഠനവും രാഷ്ട്രീയവും ജയിൽവാസവും ഒളിവുജീവിതവും മുഖ്യമന്ത്രിയായതുമെല്ലാം ചിത്രം സഹിതമുണ്ട്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരൻ, എൻ സി ശേഖർ എന്നിവരുടെ പ്രതിമകളും കൂട്ടായുണ്ട്.
നായനാർ മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ പരിപാടിയും പ്രദർശിപ്പിക്കുന്നുണ്ട്.
നായനാരുടെ ശബ്ദവും രൂപവും സമ്മേളിക്കുന്ന ഹോളോഗ്രാം സംവിധാനവുമുണ്ട്. നായനാരുടെ ജീവിതവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകും. നായനാരുടെ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ രേഖപ്പെടുത്തുന്ന ചിത്രങ്ങൾ നിറഞ്ഞ ചുമരിൽ കാരിക്കേച്ചറുകളുമുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾ വിവരിക്കുന്ന ഓറിയന്റേഷൻ തിയറ്ററാണ് ഒന്നാംനിലയിൽ. പ്രവേശനകവാടത്തിൽ കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ എന്നിവരുടെ പ്രതിബിംബങ്ങളുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]