
ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് കളങ്കമായി മാറിയ ഗുജറാത്ത് വംശഹത്യ, അമേരിക്കയിൽ നടന്ന ഭീകരാക്രമണം തുടങ്ങിയ ദേശീയ, സാർവ ദേശീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 17–-ാം പാർടി കോൺഗ്രസ് ചേർന്നത്. 2002 മാർച്ച് 10 മുതൽ 24 വരെ ഹൈദരാബാദിലായിരുന്നു പാർടി കോൺഗ്രസ്. ഹർകിഷൻ സിങ് സുർജിത് ഉദ്ഘാടനംചെയ്ത സമ്മേളനത്തിൽ പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയവും സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയത്തിന് ലഭിച്ച ഭേദഗതികളും അവതരിപ്പിച്ചു. ബംഗാളിൽനിന്ന് 1711ഉം കേരളത്തിൽനിന്ന് 878ഉം ഉൾപ്പെടെ 4780 ഭേദഗതിയാണ് ലഭിച്ചത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്കൻ സാമ്രാജ്യത്വം സഖ്യകക്ഷികളെ കൂട്ടി അഫ്ഗാനിൽ നടത്തുന്ന യുദ്ധം പ്രധാന സാർവദേശീയ വിഷയമായി റിപ്പോർട്ട് വിശദീകരിച്ചു. ആഗോള സാമ്പദ്വ്യവസ്ഥയിലെ അതിരൂക്ഷമായ പ്രതിസന്ധിയുടെ ഭാരം മൂന്നാം ലോക രാജ്യങ്ങളുടെമേൽ കെട്ടിവയ്ക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നുവെന്നും എന്നാൽ, ഇതിനെതിരെ ആഗോള തലത്തിൽ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്യൂണിസത്തിന് എതിരായ പോരാട്ടമെന്ന ശീതയുദ്ധകാലത്തെ മുദ്രാവാക്യത്തിനു പകരം ഭീകരവാദത്തിന് എതിരായ പോരാട്ടമെന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ പുതിയ പോർവിളിയായി മാറി. ഇതിനെ നേരിടാൻ പുരോഗമന ജനാധിപത്യശക്തികൾ ഒരുമിക്കണമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
ബിജെപി സർക്കാർ മതേതര ആദർശങ്ങൾക്കുമേൽ നിരന്തര കടന്നുകയറ്റം നടത്തുകയാണ്. ഭരണത്തിൽ ആർഎസ്എസ് നുഴഞ്ഞുകയറുന്നു. ന്യൂനപക്ഷങ്ങൾക്കുമേൽ ആക്രമണം നടത്തി തങ്ങളുടെ തനിനിറം പുറത്തുകാട്ടി. നവഉദാരവൽക്കരണ നയങ്ങൾ തുടരുകയും ഇന്ത്യ അമേരിക്കയുടെ സഖ്യശക്തിയാക്കി മാറ്റുന്നതിന് ഉദ്ദേശിച്ചുള്ള വിദേശനയമാണ് പിന്തുടരുന്നതെന്ന് വിലയിരുത്തുന്ന റിപ്പോർട്ടിൽ ഹിന്ദുത്വത്തിന്റെ ദീർഘകാല പദ്ധതിയെന്ന ഭാഗവുമുണ്ട്.
രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലെ രാഷ്ട്രീയമെന്ന ഭാഗം സുർജിത്തും സംഘടന എന്ന ഭാഗം എസ് രാമചന്ദ്രൻപിള്ളയും അവതരിപ്പിച്ചു. 77 അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിങ് സുർജിത്തിനെയും തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങൾ.
ഭീകരതയ്ക്കെതിരെ ആഗോളയുദ്ധം നടത്തുന്നുവെന്ന പേരിൽ ഇറാഖിൽ യുദ്ധമടക്കം അമേരിക്കൻ സാമ്രജ്വത്വത്തിന്റെ മേധാവിത്വപരമായ ആക്രമണോത്സുക നീക്കങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് 18–-ാം പാർടി കോൺഗ്രസ് 2005 ഏപ്രിൽ ആറുമുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്നത്. പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. 2004ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ പരാജയവും കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎക്ക് ലഭിച്ച മുൻതൂക്കവുമാണ് ഈ കാലഘട്ടത്തിലെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസമെന്ന് റിപ്പോർട്ടിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പിന്തിരിപ്പൻ സർക്കാരാണ് വാജ്പേയി സർക്കാരെന്ന 17–-ാം പാർടി കോൺഗ്രസിന്റെ വിലയിരുത്തൽ ശരിയാണെന്ന് കാലം തെളിയിച്ചുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന് നാല് ഭാഗമുണ്ട്. 17–-ാം കോൺഗ്രസ് അംഗീകരിച്ച അടവുനയം നടപ്പാക്കലാണ് ഒന്നാം ഭാഗം.
ആഗോളവൽക്കരണം, പൊതുമേഖല, വിദേശ വായ്പകളോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരുകളുടെ സമീപനം തുടങ്ങിയവയാണ് ചില നയപരമായ പ്രശ്നങ്ങൾ എന്ന രണ്ടാം ഭാഗത്തുള്ളത്. മൂന്നാംഭാഗം സംഘടനയും അവസാന ഭാഗം ബഹുജനമുന്നണിയെക്കുറിച്ചുമാണ്.85 അംഗ കമ്മിറ്റിയിലേക്ക് 84 പേരെ തെരഞ്ഞെടുത്തു. കേരളത്തിനുവേണ്ടി ഒരെണ്ണം ഒഴിച്ചിട്ടു. പ്രകാശ് കാരാട്ടിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിബിയിൽ 17 അംഗങ്ങൾ.
കയ്യൂർ രക്തസാക്ഷിത്വത്തിന്റെ 65–-ാം വാർഷികത്തിലാണ് കോയമ്പത്തൂരിൽ 2008 മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടുവരെ 19–-ാം പാർടി കോൺഗ്രസ് നടന്നത്. സാമ്രാജ്യത്വപരമായ ആഗോളവൽക്കരണത്തിലൂടെ പുത്തൻ ഉദാരവൽക്കരണ നയങ്ങൾ കെട്ടിയേൽപ്പിച്ചും ഉപരോധങ്ങൾ, സൈനിക നടപടികൾ എന്നിവയിലൂടെ തങ്ങളുടെ അധീശത്വം വർധിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ ശക്തിപ്പെട്ടുവെന്ന് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സാമ്രാജ്യത്വ കടന്നാക്രമങ്ങൾക്കെതിരെ ചെറുത്തുനിൽപ്പും വളർന്നുവരികയാണ്. ചൈന അഭൂതപൂർവമായ സാമ്പത്തിക വളർച്ച നേടുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
യുപിഎ സർക്കാരിന്റെ ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ പ്രതികരിക്കുകയും ഇന്തോ–-അമേരിക്കൻ ആണവ കരാറിന്റെ അപകടങ്ങൾ തുറന്നുകാണിക്കുകയും ചെയ്യുന്നതിൽ പാർടി നിർണായക പങ്കുവഹിച്ചു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ, സാമ്പത്തികനയം, വിദേശനയം എന്നീ പ്രശ്നങ്ങളിൽ ജനങ്ങളെ അണിനിരത്താൻ പാർടിക്ക് കഴിഞ്ഞു. കർഷക ആത്മഹത്യ വർധിക്കുന്നത് തടയാൻ കേന്ദ്ര സർക്കാരിനു കഴിയുന്നില്ല. ഭക്ഷ്യനയം ഭഷ്യസുരക്ഷയെ തകർക്കുന്നതാണ് എന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
18–-ാം പാർടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിന്റെ അവലോകനവും റിപ്പോർട്ടിലുണ്ട്. 93 അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെയും തെരഞ്ഞെടുത്തു. പിബിയിൽ 15 അംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]