
സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുന്ന ശ്രീലങ്കയിൽ ഇന്ന് ജനങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപക മഹാപ്രക്ഷോഭം. പ്രക്ഷോഭത്തെ രാഷ്ട്രീയ പാർടികളും പിന്തുണച്ചതോടെ രാജ്യത്ത് 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളി അർധരാത്രി പ്രസിഡന്റ് ഗോതബായ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന് പൂർണ നിയന്ത്രണം നൽകുന്ന അടിയന്തരാവസ്ഥയ്ക്കു പിന്നാലെയാണ് കർഫ്യൂ. ശനി വൈകിട്ട് ആറുമുതൽ തിങ്കൾ രാവിലെ ആറുവരെയാണ് കർഫ്യൂ. കർഫ്യൂ പ്രക്ഷോഭകരെ വിരട്ടാനാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ജനത്തിനുണ്ടെന്നും പ്രതിപക്ഷ പാർടി നേതാക്കൾ പറഞ്ഞു. അറബ് വസന്തത്തിനു സമാനമായ പ്രക്ഷോഭത്തിനാണ് വഴിയൊരുങ്ങുന്നത്.
കർഫ്യൂവായതോടെ അവശ്യസാധനത്തിനായി ജനം തെരുവിൽ പരക്കംപായുന്നു. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമായി കടകൾക്ക് മുന്നിൽ ശനി പകൽ നീണ്ടവരികളായിരുന്നു. ഇന്ത്യയിൽനിന്ന് 40,000 ടൺ ഡീസൽ എത്തിയതോടെ നിശ്ചലമായിരുന്ന ബസ് സർവീസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം വീണ്ടും സജീവമാകും.
ഭരണമുന്നണിയിൽ ഭിന്നത
ഭരണമുന്നണിയിൽ ഭിന്നത രൂപപ്പെട്ടതോടെ മന്ത്രിസഭ പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. 11 പാർടികളുള്ള ഭരണമുന്നണിയിലെ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കൻ ഫ്രീഡം പാർടിയാണ് എല്ലാ പാർടികളുമുള്ള ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. നാഷണൽ ഫ്രീഡം ഫ്രണ്ടും സർക്കാരിനെതിരെ രംഗത്തുവന്നു.
പ്രക്ഷോഭകരെ തീവ്രവാദികളായി മുദ്രകുത്തുന്നതിൽ പ്രതിപക്ഷ പാർടിയായ ജനതാ വിമുക്തി പെരുമന പ്രതിഷേധിച്ചു. പ്രസിഡന്റിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കിയത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സർക്കാരിനാകാത്തതിനാലെന്ന് ജെവിപി നേതാവ് അനുര കുമാര ദിസ്സനായകെ പറഞ്ഞു. സമരം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് യുഎൻപി നേതാവും മുൻ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]