
കൊച്ചി> ‘പെണ്ണുങ്ങൾ സൂപ്പർമാർക്കറ്റ് നടത്തുകയോ?’ –-ഷാജിമോളുടെയും കൂട്ടുകാരുടെയും മുഖത്തുനോക്കി ചോദിച്ചവർ ഇന്ന് എന്തു വാങ്ങാനും ക്വാളിറ്റി മിനി സൂപ്പർമാർക്കറ്റിലാണ് എത്തുന്നത്. യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നെത്തിയ സ്ത്രീകൾ തുടങ്ങിയ വിജയമാതൃകയായി സാഫും ഫിഷറീസ് വകുപ്പും ക്വാളിറ്റി മിനി സൂപ്പർമാർക്കറ്റിനെ ചൂണ്ടിക്കാട്ടുന്നു.
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് നൽകുന്ന സാഫ് വായ്പ ഉപയോഗിച്ചാണ് 2015ൽ മലപ്പുറം പരപ്പനങ്ങാടിയിൽ ഷാജിമോളും കൂട്ടുകാരും മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. റുക്സാന, ജസീല, ഫൗസിയ, നൂർജഹാൻ എന്നിവരെയാണ് ഷാജിമോൾ ഒപ്പംകൂട്ടിയത്. ക്വാളിറ്റി ആക്ടിവിറ്റി ഗ്രൂപ്പ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കൂട്ടായ്മയ്ക്കാണ് അഞ്ചുലക്ഷം രൂപ സാഫ് വായ്പ നൽകിയത്. അതിനൊപ്പം ഓരോരുത്തരുടെ കൈയിൽനിന്നും 20,000 രൂപവീതവും ചേർത്തുവച്ചു.
ആദ്യവായ്പ ഗഡുക്കളായി തിരിച്ചടച്ചു. ഇപ്പോൾ 10 ലക്ഷം രൂപകൂടി വായ്പയായി എടുത്ത് സപ്ലൈകോയുടെ തീരമാവേലി സ്റ്റോർകൂടി തുടങ്ങി. കോവിഡുകാലത്ത് അൽപ്പം ബുദ്ധിമുട്ടിയതൊഴിച്ചാൽ സംരംഭം വൻ വിജയമാണെന്ന് ഷാജിമോൾ പറഞ്ഞു. മാസം 10 ലക്ഷം രൂപ വിറ്റുവരവ് എന്ന ലക്ഷ്യത്തിലേക്കാണ് അടുക്കുന്നത്. രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ ഗ്രൂപ്പിന് വെളിയിൽനിന്ന് ഒരു സ്ത്രീക്കുകൂടി ജോലി നൽകാനാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]