
കൊളംബോ > സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി അർധരാത്രിയോടെ പ്രസിഡന്റ് ഗോതബായ രജപക്സെ പ്രഖ്യാപനം നടത്തിയത്. വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരിക്കേറ്റു. അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധം സർക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. സംശയം തോന്നുന്നവരെ സൈനികർ ചോദ്യം ചെയ്യുന്നു. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.
മൂന്നിന് രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ നിർദേശമില്ലാതെ ജനം ഒന്നാകെ പ്രതിഷേധിക്കുമെന്ന് സമൂഹമാധ്യമ സന്ദേശങ്ങളിൽ പറയുന്നു. ‘നിങ്ങൾ ഏതു പാർടിയിൽ വിശ്വസിച്ചാലും. ഈ സർക്കാരിനെ ഭരണഘടനാപരമായി പുറത്താക്കാൻ സമയമെടുക്കും. അതുവരെ കാത്തിരുന്നാൽ നമുക്ക് ഈ രാജ്യം ബാക്കിയുണ്ടാകില്ല. മറ്റു മാർഗമില്ല. ഏപ്രിൽ മൂന്നിന് രാവിലെ ഒമ്പതിന് രാജ്യമാകെ പ്രതിഷേധിക്കണം. നമ്മൾ നിശ്ശബ്ദരായാൽ കഴിവുകെട്ട ഭരണാധികാരികളും നിശ്ശബ്ദരാകും. നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയാണ് ഈ പ്രക്ഷോഭം’- സന്ദേശത്തിൽ പറഞ്ഞു.
പ്രക്ഷോഭം യുണൈറ്റഡ് നാഷണൽ പാർടി അടക്കമുള്ള പ്രതിപക്ഷ പാർടികൾ ഏറ്റെടുക്കും. വാട്സാപ്പിലും ടെലഗ്രാമിലും ഫെയ്സ്ബുക്കിലും ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്. ഓരോ പ്രവിശ്യയിലെയും എവിടെ അണിചേരണമെന്ന് ഗ്രൂപ്പിലൂടെ അറിയിക്കും. സ്വന്തമായി പോസ്റ്റർ തയ്യാറാക്കി വരണമെന്നും പൊതുസ്വത്ത് നശിപ്പിക്കരുതെന്നും നിർദേശമുണ്ട്. രാഷ്ട്രീയ പാർടികളുടെ പേര് പരാമർശിക്കാതെയാകും പ്രക്ഷോഭം. ‘ഗോഹോം ഗോത’ എന്ന ഹാഷ് ടാഗ് വഴിയാണ് സംഘാടനം.
സിംഹള വംശീയത മുതലെടുത്ത് പ്രക്ഷോഭം നേരിടാൻ സർക്കാർ ശ്രമിക്കും. പ്രക്ഷോഭകർ സിംഹളർക്ക് എതിരാണെന്ന് വരുത്താനും ശ്രമമുണ്ടാകും. തമിഴ്, മുസ്ലിം വിഭാഗത്തിനെതിരെ വികാരം ഉയർത്തും. രാജ്യത്ത് അവശ്യവസ്തു ക്ഷാമം തുടരുന്നു. ഡീസൽ, പാചകവാതക ക്ഷാമവും പണപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും ദയനീയ അവസ്ഥയിലാണ്. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ നേരിയ വർധനയാണ് സർക്കാരിന് ആശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]