
ന്യൂഡൽഹി
ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും കൈമാറാൻ തയ്യാറെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ്. ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ലാവ്റോവിന്റെ പ്രതികരണം. അസംസ്കൃത എണ്ണയും അത്യാധുനിക സൈനിക സാങ്കേതികവിദ്യയുമടക്കം ഇന്ത്യക്ക് നൽകാമെന്നാണ് വാഗ്ദാനം. നേരത്തേ ബാരലിന് 35 ഡോളറിന് എണ്ണ കൈമാറാൻ റഷ്യ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ പ്രത്യാഘാത മുന്നറിയിപ്പിനിടെയാണ് ലാവ്റോവ് ഇന്ത്യയിലെത്തിയത്.
ഉഭയകക്ഷി വ്യാപാരം രൂപ–- റൂബിൾ അടിസ്ഥാനത്തിലാക്കുന്നതിനുള്ള ചർച്ച നടക്കുന്നുണ്ടെന്നും ലാവ്റോവ് സ്ഥിരീകരിച്ചു. ഡോളറിനെ മറികടക്കുകവഴി പാശ്ചാത്യലോകം ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം കുറയ്ക്കാൻ ഇതിലൂടെ റഷ്യക്ക് കഴിയും. എണ്ണയും പ്രകൃതിവാതകവും വേണമെങ്കിൽ ഡോളറിനു പകരം റൂബിൾ നൽകണമെന്ന് യൂറോപ്യൻ രാഷ്ട്രങ്ങളോട് റഷ്യ ദിവസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ടിരുന്നു. നടക്കുന്നത് യുദ്ധമല്ലെന്നും പ്രത്യേക സൈനിക നടപടിയാണെന്നുമായിരുന്നു ഉക്രയ്നുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലാവ്റോവിന്റെ പ്രതികരണം. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ട്.
വിഷയത്തിൽ ഇന്ത്യയെടുത്ത നിലപാട് പ്രശംസനീയമാണ്. അമേരിക്കൻ സമ്മർദതന്ത്രം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ലാവ്റോവ് പുടിന്റെ വ്യക്തിപരമായ സന്ദേശവും കൈമാറി. നേരത്തേ ബ്രിട്ടൻ, ചൈന, അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിദേശമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഡൽഹിയിൽ എത്തിയിരുന്നെങ്കിലും അവരെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചിരുന്നില്ല. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ലാവ്റോവ് സന്ദർശനം പൂർത്തിയാക്കി മടങ്ങി. ചൈനയിൽനിന്നാണ് ലാവ്റോവ് ഇന്ത്യയിലെത്തിയത്. റഷ്യയുടെ ഉക്രയ്ൻ ആക്രമണത്തെ ഇതുവരെ തള്ളിപ്പറയാൻ തയ്യാറാകാത്ത പ്രധാന രാഷ്ട്രങ്ങൾ ഇന്ത്യയും ചൈനയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]